തിരുവനന്തപുരം: ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗികളുടെ എണ്ണം പൂജ്യമാണ്. ഏവർക്കും ആശ്വാസം പകരുന്ന ആ ധന്യ മുഹൂർത്തത്തിന് വേണ്ടി വിയർപ്പൊഴുക്കിയവർ നിരവധിയാണ്. ഏനാൽ ഇക്കാലയളവിൽ വിശ്രമമെന്തെന്നറിയാതെ പ്രവൃത്തി പഥത്തിൽ അസാമാന്യ കരുത്തോടെ നിറഞ്ഞു നിന്ന ഒരു നിശബ്ദ പോരാളിയുണ്ട്. ഈ വിജയത്തിന് ചുക്കാൻ പിടിച്ച മെഡിസിൻ വിഭാഗം തലവൻ 61കാരനായ ഡോ രവികുമാർ കുറുപ്പ്. എന്നാൽ ഈ വിജയം തന്റേതു മാത്രമല്ലെന്നും തനിയ്ക്കൊപ്പം പ്രവർത്തിച്ച ശുചീകരണത്തൊഴിലാളിയ്ക്കു വരെ അത് അവകാശപ്പെട്ടതാണെന്ന പക്ഷക്കാരനാണ് അദ്ദേഹം. രാപ്പകലില്ലാതെ രോഗികൾക്കു വേണ്ടി വിശ്രമരഹിതമായി പണിയെടുത്തു നേടിയ വിജയത്തിൽ രവികുമാർ സാറിന്റെ പങ്ക് നിസ്തുലമാണെന്ന് സഹപ്രവർത്തകരും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും അടിവരയിട്ടു പറയുന്നു. അദ്ദേഹത്തിന്റെ അർപ്പണബോധം അഭിനന്ദിക്കേണ്ടതു തന്നെയാണ്. കോവിഡ് സ്ഥിരീകരിച്ച 17 രോഗികളേയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചത്. ഇതില്‍ 16 പേരേയും രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജിനായി. കോവിഡ് സംശയിച്ച് മെഡിക്കൽ കോളേജിൽ റിപ്പോർട്ട് ചെയ്തവരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 499 പേരിൽ 451 പേരും വീടുകളിലേയ്ക്ക് മടങ്ങി. നിലവില്‍ 48 രോഗികളാണ് രോഗം സംശയിച്ച് ചികിത്സയിലുള്ളത്. ഡോ രവികുമാറിന്റെ കൂടി അർപ്പണബോധം അതിൽ പ്രകടമാണ്.
സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെ നടത്തുന്ന ഡോ രവികുമാർ കുറുപ്പിന്റെ നിസ്വാർത്ഥ സേവനം യുവതലമുറയ്ക്ക് പ്രചോദനമാകുകയാണ്. മാസങ്ങളായി രാവും പകലും ഇല്ലാതെ പുലർച്ചെ മൂന്നു മണിയാണെങ്കിലും സകലഡീറ്റെയിലിങ്ങും കേട്ട് ഫോണിന്റെ അപ്പുറത്ത് ഈ മനുഷ്യനുണ്ടാകുമെന്നത് ജൂനിയർ ഡോക്ടർമാരെയും അത്ഭുതപ്പെടുത്തുന്നു. സാറിനു കുറച്ച് ക്വാറന്റൈൻ ബ്രേക്ക് എടുത്തു കൂടേയെന്നു ചോദിച്ചാൽ നോക്കൂ! ഞാൻ ഇതിനകം എന്റെ 61 വയസ് പൂർത്തിയാക്കി. ഞാൻ ഈ രോഗത്തിന് അടിമപ്പെട്ടാലും സാരമില്ല. എന്നാൽ നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരുടെ സ്ഥിതി അതല്ല എന്ന മറുപടിയിൽ ആ ഗുരുനാഥന്റെ ശിഷ്യരോടുള്ള വാത്സല്യം കൂടിയാണ് വെളിപ്പെടുന്നത്. മാത്രമല്ല മഹാമാരിയെ ചെറുക്കാൻ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ, ഡി എം ഇ ഡോ റംലാബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സൂപ്രണ്ടുമാർ, തുടങ്ങി മെഡിക്കൽ കോളേജ് അധികൃതരും മറ്റ് ആരോഗ്യ പ്രവർത്തകരും ഒന്നടങ്കം പ്രയത്നിക്കുമ്പോൾ തനിയ്ക്ക് ഉറങ്ങാനാവില്ലെന്ന സന്ദേശമാണ് അദ്ദേഹം നൽകുന്നത്. അദ്ദേഹത്തിനായി ചൊരിയപ്പെടുന്ന അഭിനന്ദന പ്രവാഹം അക്ഷരാർത്ഥത്തിൽ ഡോ രവികുമാർ കുറുപ്പ് അർഹിക്കുന്നതു തന്നെയാണ്.