മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ സൗത്ത് മാറാടി സര്‍ക്കാര്‍ യു.പി.സ്കൂള്‍ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു. സ്കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുകയും ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുകയും ചെയ്തു. നിര്‍മ്മാണോദ്ഘാടനം അടുമാസം നടക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. 1914-ല്‍ സ്ഥാപിച്ച സൗത്ത് മാറാടി സര്‍ക്കാര്‍ യു.പി.സ്കൂള്‍ പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നാണ്.സ്കൂളിന് സ്വന്തമായി 52-സെന്റ് സ്ഥലമാണുള്ളത്. രണ്ട് കെട്ടിടമാണുള്ളത്. പ്രീപൈമറി ക്ളാസുമുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള സ്കൂളില്‍ 175-ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്.
സ്കൂള്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ 2.18-കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചത്. എന്നാല്‍ സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഒരു കോടി രൂപയാണ് അനുവദിച്ചത്. സ്കൂള്‍ വികസന സമിതി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പഞ്ചായത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണിത്. സ്കൂള്‍ ഹൈടെക് ആകുന്നതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇങ്ങോട് ആകര്‍ഷിക്കാന്‍ കഴിയും. സ്കൂളിന് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും സ്കൂള്‍ ബസ് നേരത്തെ അനുവദിച്ചിരുന്നു. നിയോജക മണ്ഡലത്തില്‍ ആദ്യഹൈടെക് സ്കൂളായി പ്രഖ്യാപിച്ച പെഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. സൗത്ത് മാറാടി സ്കൂളിന്റെ പഴയകെട്ടിടങ്ങള്‍ നിലനിര്‍ത്തിയാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്കൂളിനായി നിര്‍മിക്കുന്ന മന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്, വൈസ്പ്രസിഡന്റ് കെ.യു.ബേബി, സ്കൂള്‍ വികസന സമിതി അംഗം ടി.വി.അവിരാച്ചന്, ഹെഡ്മാസ്റ്റര് എ.വി.മനോജ് എന്നിവര്‍ സംമ്പന്ധിച്ചു.