മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറെടുത്ത് വിളിച്ചു.
മറുതലക്കല്‍നിന്ന് മുഖ്യമന്ത്രിയുടെ ശബ്ദം. വഴിയില്‍ ഒറ്റപ്പെട്ട് പോകുമോ എന്ന പേടിയില്‍ ആതിരയുടെ ശബ്ദം ഇടറിയിരുന്നു. ‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’ എന്ന് മറുപടി
സമയം അര്‍ധരാത്രി ഒന്നിനോടടുത്തിരുന്നു. വയനാട്– കര്‍ണാടക അതിര്‍ത്തിയിലെ കാടിന്റെ കൂരിരുട്ട് ഹൈദരാബാദില്‍നിന്നുള്ള സംഘത്തെ ഭീതിയിലാഴ്ത്തി. വാഹനം തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ് വരെയേ ഉള്ളൂ. കോഴിക്കോട്ട് എത്തേണ്ടതാണ്. ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സിയില്‍ ബിസിനസ് എക്സിക്യൂട്ടീവും പുതിയറ സ്വദേശിനിയുമായ ആതിര ഗൂഗിളില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറെടുത്ത് വിളിച്ചു.
മറുതലക്കല്‍നിന്ന് മുഖ്യമന്ത്രിയുടെ ശബ്ദം. വഴിയില്‍ ഒറ്റപ്പെട്ട് പോകുമോ എന്ന പേടിയില്‍ ആതിരയുടെ ശബ്ദം ഇടറിയിരുന്നു. ‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’ എന്ന് മറുപടി.
ആതിരക്കൊപ്പം ജോലിചെയ്യുന്ന തീര്‍ഥ, അഞ്ജലി കൃഷ്ണ തുടങ്ങി 13 സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം ബുധനാഴ്ച രാവിലെ ഒമ്പതോടെ വീട്ടിലെത്തുംവരെ അവര്‍ക്കൊപ്പമുണ്ടായിരുന്നു ആ കരുതല്‍. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിച്ചതിനാലാണ് സംഘം നാട്ടിലേക്ക് വരാനൊരുങ്ങിയത്. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം എം സുഭീഷ് യാത്രാ അനുമതിക്കായി ഡെപ്യൂട്ടി കലക്ടര്‍ സി ബിജുവിനെ ബന്ധപ്പെട്ടു. അദ്ദേഹം തെലങ്കാന സര്‍ക്കാരില്‍നിന്ന് റോഡ് യാത്രക്ക് അനുമതിവാങ്ങി. ട്രാവലറില്‍ ചൊവ്വാഴ്ച രാവിലെ എട്ടോടെ യാത്രതുടങ്ങി. ബാഗപ്പള്ളി എത്തിയപ്പോള്‍ തിരിച്ചുപോകണമെന്ന് നിര്‍ദേശം. വീണ്ടും ഡെപ്യൂട്ടി കലക്ടര്‍ ഫോണ്‍വഴി ഇടപെട്ടു. അരമണിക്കൂര്‍ ചര്‍ച്ചക്ക് ശേഷം മറ്റൊരു റോഡ് വഴി യാത്രക്ക് അനുമതി.
ബംഗളൂരുവിനടുത്തെത്തിയപ്പോഴാണ് രാജ്യം മുഴുവന്‍ ലോക്ക് ഡൗണായുള്ള പ്രഖ്യാപനം. തിരിച്ചുള്ള യാത്ര ബുദ്ധിമുട്ടാവുമെന്നതിനാല്‍ കേരള അതിര്‍ത്തി വരെയേ ഉണ്ടാകൂ എന്ന് ഡ്രൈവര്‍ അറിയിച്ചു. മറ്റൊരു വാഹനത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയെ വിളിച്ചത്. അദ്ദേഹം വയനാട് എസ്പിയുടെയും കലക്ടറുടെയും നമ്പര്‍ ആതിരക്ക് കൊടുത്തു. മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം വിളിക്കുകയാണെന്ന് അറിയിക്കാനും പറഞ്ഞു. എസ്പിയെ വിളിച്ച് അരമണിക്കൂറിനുള്ളില്‍ ട്രാവലര്‍ എത്തി. ഓരോരുത്തരെയും വീടുകളിലെത്തിച്ചു.
വീട്ടിലെത്തിയശേഷവും ആതിര വിളിച്ചു. ഫോണെടുത്ത മുഖ്യമന്ത്രി വീട്ടില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന ജാഗ്രതാ നിര്‍ദേശവും നല്കി. തിരക്കിനിടയിലെ കരുതലിനും പെരുവഴിയില്‍ അകപ്പെടാതെ രക്ഷിച്ചതിനും മുഖ്യമന്ത്രിക്ക് നന്ദിപറയുകയാണ് സംഘമിപ്പോള്‍.