തൊടുപുഴ: മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന് ഉള്‍പ്പടെ പരിസ്ഥിതി സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് ഡീന്‍ കുര്യാക്കോസ് എം.പിയുടെ തുറന്ന കത്ത്. കേരളത്തില്‍ കൃഷിസ്ഥലങ്ങളും, ജനവാസ കേന്ദ്രങ്ങളും, തോട്ടങ്ങളും ഒഴിവാക്കികൊണ്ട് ഇ.എസ്.എ പ്രദേശങ്ങളെ നിശ്ചയിക്കുകയും, ഇത് കേന്ദ്ര ഗവണ്മെന്റ് അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. യു.ഡി.എഫ് ഗവണ്മെന്റിന്റെ കാലഘട്ടത്തില്‍ ഉമ്മന്‍.വി.ഉമ്മന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല വേരിഫിക്കേഷനിലൂടെയാണ് ഇത് നിശ്ചയിച്ചത്. 2014-ലെ യു.പി.എ ഗവണ്മെന്റും, പിന്നീട് വന്ന ഒന്നാം എന്‍.ഡി.എ ഗവണ്മെന്റും, ഇപ്പോഴത്തെ ഗവണ്മെന്റും ഇക്കാര്യം അംഗീകരിച്ച് കരടു വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ ശാശ്വതമായി ഇ.എസ്.എ പ്രശ്നം അവസാനിക്കും. .
ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യണ്ട കാര്യങ്ങള്‍ ഗൗരവത്തോടെ ഓര്‍മ്മപ്പെടുത്തുന്നതിനു വേണ്ടിയാണ് എം.പിയുടെ തുറന്ന കത്ത് അയച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് എം.പി 2 തവണ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇക്കാര്യത്തില്‍ ഗൗരവകരമായ ഒരു മറുപടി ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുമുള്ള ഇsപെടലും ഇന്ന് വരെയും ഉണ്ടായിട്ടുമില്ലായെന്നും എം.പി. വ്യക്തമാക്കി.
കേരളത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അനിവാര്യമാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുമ്പോള്‍, ഹര്‍ജി തള്ളിക്കളയേണ്ടതാണെന്നും, പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ നമ്മള് മറ്റാരെക്കാളും മുന്‍പന്തിയിലാണെന്നും കോടതിയെ ധരിപ്പിക്കാന്‍ സാധിക്കണം. മുന്‍ യു.ഡി.എഫ് ഗവണ്മെന്റ് എല്ലാവരുടേയും അഭിപ്രായ സമന്വയത്തോടെ, അന്നത്തെ പ്രതിപക്ഷത്തിന്റെ കൂടെ സഹകരണത്തോടെ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രത്തിനു നല്‍കുകയായിരുന്നു. അതിനാല്‍ ഏറ്റവും നിര്‍ണ്ണായകമായ സമയത്ത് ഒരു അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയാല്‍ ഈ പ്രശ്നം അവസാനിക്കും എന്നിരിക്കെ, സുപ്രീം കോടതിയില്‍ നിന്നും കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത് എന്ന് കര്‍ഷക ജനതയുടെ ജനപ്രതിനിധി എന്ന നിലയില്‍ അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു.
യു.ഡി.എഫ് ഗവണ്മെന്റ് ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍വ്വകക്ഷി യോഗം പല പ്രാവശ്യം വിളിച്ചു ചേര്‍ത്തിരുന്നു.നാളിത് വരെയും ആ നിലയില്‍ പ്രതിപക്ഷത്തെ കൂട്ടിയോജിപ്പിച്ച് ഒരിടപെടലും ഈ പിണറായി സര്‍ക്കാര്‍ ചെയ്തിട്ടില്ല. സുപ്രീം കോടതി ആഗസ്റ്റ് 7-ന് കേസ് പരിഗണിക്കുമ്പോള്‍ കേരളത്തിനു വേണ്ടി കക്ഷി ചേരുന്നവരുടെയെല്ലാം അഭിപ്രായങ്ങള്‍ ഒന്നാവാന്‍ സര്‍ക്കാര്‍ എന്ത് ഇടപെടലുകള്‍ നടത്തണമെന്നും അതുറപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. അടിയന്തിരമായി ഇനിയും സമയം നഷ്ടപ്പെടുത്താതെ മുഖ്യമന്ത്രി നമ്മുടെ നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.1. സര്‍വ്വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണം. 2. കേരളത്തിന്റെ അഭിപ്രായം കേന്ദ്രം അംഗീകരിക്കുകയും, കരടു വിജ്ഞാപനം ഇറക്കിയതുമാണ്. മാത്രവുമല്ല മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി കളഞ്ഞാണ് , കസ്തൂരി രംഗന് റിപ്പോര്‍ട്ട് വന്നതും അതിലെ അപാകതകള്‍ പരിഹരിക്കാനാണ് ഭേദഗതികള്‍ അവതരിപ്പിച്ചതും കേന്ദ്ര മത് അംഗീകരിച്ചതും.ആയതിനാല്‍ കേന്ദ്രത്തിന്റെ നിലപാട് കേരളത്തിന്റെ താല്‍പ്പര്യത്തിനൊപ്പം തന്നെയെന്നുറപ്പാക്കാന് കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണം. 3. കേരളത്തില്‍ നിന്നും കേസില്‍ കക്ഷി ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവരായ നിരവധി ആളുകളുണ്ട്.കേസിന്റെ നടത്തിപ്പ് സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്ന തരത്തില്‍ ആണെന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഇതിനായി ഒരു വിദഗ്ദ്ധ സമിതിനെ അടിയന്തിരമായി നിയോഗിക്കണം. മുന്‍ ഗവണ്മെന്റിന്റെ കാലഘട്ടത്തില്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മറ്റിയുണ്ടായിരുന്നു. 4. പരിസ്ഥിതി വിഷയങ്ങളില്‍ കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കുന്ന ഒരു സീനിയര്‍ അഭിഭാഷകനെ കേസ് നടത്തിപ്പിനായി സര്‍ക്കാര്‍ നിയോഗിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള എം.പി എന്ന നിലയില്‍ താനും ഈ കേസില്‍ കക്ഷി ചേരുമെന്നും മറ്റു നേതാക്കളും, സംഘടനകളുമൊക്കെ കക്ഷി ചേരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു.