കൊച്ചി: പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിന് വേദിയായി കൊച്ചി മെട്രോ ട്രെയിന്‍. പിറവം ഇലഞ്ഞി സ്വദേശിയായ ജോണ്‍ പോള്‍, കുറവിലങ്ങാട് സ്വദേശിയായ ഡെബി സെബാസ്റ്റ്യന്‍ എന്നിവരുടെ ഫോട്ടോഷൂട്ടാണ് മെട്രോയില്‍ നടന്നത്. ഇതാദ്യമായാണ് മെട്രോയില്‍ ഇത്തരമൊരു ഫോട്ടോഷൂട്ട് നടക്കുന്നത്.
മെട്രോ ട്രെയിനിലെ ഫോട്ടോഷൂട്ട് വ്യത്യസ്തമായ അനുഭവമായിരുന്നെന്ന് വരന് ജോണ്‍ പോള്‍ പറഞ്ഞു. സ്റ്റേഷനറി ട്രെയിനിലായിരുന്നു ഷൂട്ട്. മെട്രോ അധികൃതരില്‍ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. കൃത്യമായി ഫോട്ടോഷൂട്ട് തീര്‍ക്കാനായി. ഇതൊരു നല്ല ഇനിഷ്യേറ്റീവായാണ് തോന്നിയതെന്നും വരന് കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയില്‍ ജോലി ചെയ്യുകയാണ് ജോണ്‍ പോളും ഡെബിയും. മെല്‍ബണില്‍ ഗവണ്മെന്റ് സര്‍വീസില്‍ ഡ്രൈവറായ ജോണ്‍ പോളിന്റെ താല്പര്യ പ്രകാരമാണ് മെട്രോ ട്രെയിന്‍ തന്നെ ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത്. വധു ഡെബി ബ്രിസ്ബെയ്നില്‍ നഴ്സാണ്. മെയ് 26നാണ് ഇവരുടെ വിവാഹം.
പ്രത്യേക ഫീസ് ഈടാക്കി മെട്രോ ട്രെയിനും സ്റ്റേഷനുകളും സിനിമാ- സീരിയല്‍ ഷൂട്ടിങ്ങുകള്‍ക്കായി നല്‍കാറുണ്ട്. എന്നാല്‍, സാധാരണക്കാര്‍ക്കും അത്തരം അവസരങ്ങള്‍ പ്രാപ്യമാകണമെന്ന ലക്ഷ്യത്തോടെയാണ് ട്രെയിനുകള്‍ വെഡ്ഡിങ് ഷൂട്ടുകള്‍ക്ക് നല്കാന് തീരുമാനിച്ചതെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.
നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനും റണ്ണിങ് ട്രെയിനും ഫോട്ടോഷൂട്ടുകള്‍ക്കായി ബുക്ക് ചെയ്യാനാകും. നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കോച്ച് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യുന്നതിന് 5000 രൂപയാണ് ഫീസ്. 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. ഷൂട്ടിനു ശേഷം ഡെപ്പോസിറ്റ് തുക തിരിച്ചുനല്‍കും. 12,000 രൂപ നല്കിയാല് മൂന്ന് കോച്ചുകള്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ലഭിക്കും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്.
മൂവിങ് ട്രെയിനിലാണെങ്കില്‍ ഒരു കോച്ച് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യുന്നതിന് 8000 രൂപ ഫീസും 25,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. മൂന്നു കോച്ചുകളും ബുക്ക് ചെയ്ത് ആലുവ മുതല്‍ പേട്ടവരെ പോയി വരുന്നതിന് 17,500 രൂപ ഫീസാകും. 25,000 രൂപ തന്നെയാണ് ഡെപ്പോസിറ്റ്.