മൂവാറ്റുപുഴ: നിര്‍ദ്ദന രോഗികള്‍ക്കും ഭവന രഹിതര്‍ക്കും കൈത്താങ്ങായി സിപിഎമ്മിന്റെ കനിവ് പദ്ധതി ശ്രദ്ധേയമാകുന്നു. ആരോഗ്യ ഭവന മേഘലയിലെ കാരുണ്യ കൈതാങ്ങായി മാറുകയാണ് കനിവിന്റെ പ്രവര്‍ത്തനങ്ങള്‍. കിടപ്പു രോഗികള്‍ക്ക് അവരുടെ വീടുകളിലെത്തി സാന്ത്വനപരിചരണം നല്‍കുക എന്ന ലക്ഷ്യത്തില്‍ സി.പി.എം മുന്‍കയ്യെടുത്ത് രൂപീകരിച്ചിട്ടുള്ള സംഘടനയാണ് കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍. സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. മൂവാറ്റുപുഴ കോടതിക്ക് എതിര്‍വശത്തായി ഓഫീസ് സമുച്ചയം പൂര്‍ത്തിയായി. ഇവിടെയാണ് ഫിസിയോതെറാപ്പി സെന്റര്‍ പ്രവര്‍ത്തിക്കുക. കനിവ് ഭവന പദ്ധതിയില്‍ 17 വീടുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്.
ജില്ലയിലെ പത്തൊമ്പതാമത്തെ ഫിസിയോതെറാപ്പി സെന്ററാണ് മൂവാറ്റുപുഴയിലേത്
കനിവ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ എറണാകുളം ജില്ലയില്‍ 18 ഫിസിയോതെറാപ്പി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പത്തൊമ്പതാമത്തെ കേന്ദ്രമാണ് മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനത്തിന് ഒരുങ്ങുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പ്രതിദിനം ആയിരത്തോളം ആളുകള്‍ക്ക് കനിവ് വഴി സൗജന്യമായി ഫിസിയോതെറാപ്പി സേവനം നല്‍കിവരുന്നുണ്ട്. ഇതുകൂടാതെ കനിവ് ഹോം കെയര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രതിദിനം ആയിരക്കണക്കിന് വീടുകളില്‍ കനിവ് വളണ്ടിയര്‍മാര്‍ എത്തിച്ചേര്‍ന്ന് കിടപ്പുരോഗികള്‍ക്ക് സാന്ത്വന പരിചരണം നല്കി വരുന്നു.
മുവാറ്റുപുഴ ഏരിയയില്‍ ഇതിനകം 17 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി
പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാരാണ് വീടുകളില്‍ ചെന്ന് കിടപ്പുരോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നത്. ജില്ലയില്‍ എമ്പാടുമായി ഒട്ടേറെ നിരാലംബ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനും കനിവ് ഭവന നിര്‍മാണ പദ്ധതിയിലൂടെ കഴിഞ്ഞു. മുവാറ്റുപുഴ ഏരിയയില്‍ ഇതിനകം 17 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളുടേയും സഹായ – സഹകരണങ്ങളോടെ ആണ് കനിവ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നടന്നുവരുന്നത്.
കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കനിവ് ജില്ലാ പ്രസിഡന്റ് സി.എന്‍.മോഹനന് പറഞ്ഞു. കനിവ് ഓഫീസിന്റെയും സൗജന്യ ഫിസിയോതെറാപ്പി സെന്ററിന്റെയും നിര്‍മ്മാണ പുരോഗതി സി.എന്‍.മോഹനന് വിലയിരുത്തി. ഫിസിയോ തെറാപ്പി സെന്റര്‍ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഫിസിയോതെറാപ്പി സെന്ററിന്റെയും കനിവ് പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം ജൂലൈ മാസത്തില്‍ നടത്തുമെന്ന് സി.എന്‍. മോഹനന് പറഞ്ഞു. മൂവാറ്റുപുഴ കനിവ് കേന്ദ്രത്തിനും ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും അദ്ധേഹം അഭ്യര്‍ത്ഥിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര്. മുരളീധരന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എം.ഇസ്മയില്‍, ഷാജി മുഹമ്മദ്, ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രന്, കനിവ് മുവാറ്റുപുഴ ഏരിയാ ചെയര്മാന് എം.എ. സഹീര്‍ , സെക്രട്ടറി കെ.എന്‍. ജയപ്രകാശ്, ട്രഷറര്‍ വി.കെ. ഉമ്മര്‍, കനിവ് ഡയറക്ടര്‍മാരായ എം.ആര്.പ്രഭാകരന്, എം.എന്‍. മുരളി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, സി.പി.എം ഏരിയാ കമ്മിറ്റി അംഗം സജി ജോര്‍ജ് തുടങ്ങിയവര്‍ സി.എന്‍.മോഹനന് ഒപ്പം ഉണ്ടായിരുന്നു.