മൂവാറ്റുപുഴ :ഡി ശ്രീമാന്‍ നമ്പൂതിരി പുരസ്ക്കാരം ജിലുമോള്‍ മാരിയറ്റ് തോമസിന് നല്‍കുമെന്ന് അജു ഫൗണ്ടേഷന് ഡയറക്ടര്‍ ഗോപി കോട്ടമുറിക്കല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 22ന് വൈകിട്ട് 4ന് മൂവാറ്റുപുഴ കബനി പാലസില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി.രാജേഷ് പുരസ്ക്കാരം നല്‍കും. ചടങ്ങില്‍ അജു ഫൗണ്ടേഷന് ചെയര്മാന് പ്രൊഫ. എം.കെ.സാനുമാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും.
ചടങ്ങില്‍ കെ.എഫ്.ബി അന്ധ വനിത തൊഴില്‍ പരിശീലന ഉല്പാദന കേന്ദ്രത്തിന് നല്കുന്ന എബനേസര്‍ ഫൗണ്ടേഷന് എന്‍ഡോമെന്റ് മുന്‍ എം.പിയും അജുഫൗണ്ടേഷന്‍ ഡയറക്ടറുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ സമ്മാനിക്കും. സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ചെയര്മാന് ഡോ. ജെ.പ്രസാദ്, കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്മാന് അഡ്വ. പി.എം.ഇസ്മായില്‍ എന്നിവര്‍ പ്രസംഗിക്കും. ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി പ്രമോദ് കെ.തമ്പാന് സ്വാഗതവും കുമാരനാശാന് പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് നന്ദിയും പറയും.
രണ്ട് കൈകളുമില്ലാത്ത ഒരു പണ്‍കുട്ടി നേടിയ വിസ്മയകരമായ നൈപുണ്യത്തിനുള്ള അംഗികാരമായിട്ടാണ് അജുഫൗണ്ടേഷന്‍ ജിലുമോള്‍ മാരിയറ്റ് തോമസിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.
കവി, സംസ്കൃത പണ്ഡിതന്,അദ്ധ്യാപകന്, വിവര്ത്തകന്, ബാലസാഹിത്യകാരന്‍, എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു ഡി.ശ്രീമാന്‍ മ്പൂതിരി. ഇദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം അജു ഫൗണ്ടേഷന് ഏപ്പെടുത്തിയ പുരസ്കാരമാണ് ഡി ശ്രീമാന്‍ നമ്പൂതിരി അവാര്‍ഡ് . കഴിഞ്ഞ പത്തുവര്‍ഷമായി അജുഫൗണ്ടേഷന്‍ സാമൂഹ്യ സാംസ്ക്കാരിക, സേവന മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. എല്ലാ വര്‍ഷവും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തികളെയാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്.
അജു ഫൗണ്ടേഷന് വിദ്യാഭ്യാസ രംഗത്തും, കലാരംഗത്തും , കായിക രംഗത്തും , ആരോഗ്യരംഗത്തും, കാര്ഷീകമേഖലയിലും തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. ഈ വര്‍ഷം അവയവദാനത്തിന് പ്രധാന്യം കൊടുത്തുകൊണ്ടുള്ള പദ്ധതിക്കാണ് മുന്‍ തൂക്കം നല്‍കുന്നത്. നൂറുപേരുടെ അവയവദാന സമ്മദപത്രം ആരോഗ്യ വകുപ്പിന് സമര്‍പ്പിക്കുമെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി പ്രമോദ് കെ.തമ്പാന് , ഡയറക്ടര്‍മാരായ കമാന്‍ഡര്‍ സി.കെ. ഷാജി, രജീഷ് ഗോപിനാഥ്, അജേഷ് കോട്ടമുറിക്കല്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.