മുവാറ്റുപുഴ: നിർദ്ധന യുവതിയുടെ വിവാഹം നടത്തി സ്നേഹസ്പർശം വാഡ്സപ്പ് കൂട്ടായ്മ. ഒരു വർഷം മുമ്പ് പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം.ഷാജി, അൻവർ ഷാഹുൽ, ഇ.എസ്.കെ.ബാവ മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച സ്നേഹസ്പർശം വാഡ് സപ്പ് കൂട്ടായ്മ പഞ്ചായത്തിലെ പത്താം വാർഡിൽ താമസിക്കുന്ന നിർദ്ധന യുവതിയുടെ വിവാഹം നടത്തി.
കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്ക് മരുന്നും, സാമ്പത്തീക സഹായം നൽകിയും. അന്നത്തിന് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണ കിറ്റ് നൽകിയും മുന്നോട്ടു പോയിരുന്ന സ്നേഹസ്പർശം കൂട്ടായ്മ ഏറ്റെടുത്ത വലിയ ഉത്തരവാദിത്വം ആയിരുന്നു നിർധന കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹം. ഈ കോവിഡ് പ്രതിസന്ധിക്കിടയിലും വിവാഹത്തിന് ആവശ്യമായ സ്വർണ്ണവും, വസ്ത്രങ്ങളും അടക്കം വിവാഹത്തിനാവശ്യമായ മുഴുവൻ സഹായവും കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകാനായി. സ്നേഹസ്പർശം കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകുന്ന സ്വർണാഭരണങ്ങൾ വാർഡ് മെമ്പർ ദീപ റോയിക്ക് കൈമാറി . കൂട്ടായ്മയിലെ അംഗങ്ങളായ പായിപ്ര പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ഇ എം ഷാജി, അൻവർ ഷാഹുൽ, ഇ.എസ്.കെ. ബാവ മുസ്ലിയാർ, അഫ്സൽ സന്നാരാ, അമാനുള്ള പെരുമാകുടി, അനസ് തൈപ്പറമ്പിൽ എന്നിവർ സംബന്ധിച്ചു.