ഇന്ന് ചിങ്ങം ഒന്ന്. മലയാളക്കരയ്ക്ക് പുതുവര്‍ഷ പിറവി. കര്‍ഷകദിനം കൂടിയായ ഇന്ന് കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ് നല്ല കാലത്തിലേക്ക് നാടും നഗരവും മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ കര്‍ഷക ദിനത്തെ മലയാളികള്‍ സ്വീകരിക്കുന്നത്.
പഞ്ഞമാസമായ കര്‍ക്കടകത്തോട് വിട പറഞ്ഞ് പൊന്നിന് ചിങ്ങത്തിലേക്ക് കടക്കുകയാണ് മലയാളി. പൊന്നിന് ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയം കവര്‍ന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകള്‍ക്ക് മേല്‍ ഇത്തവണ മഹാമാരിക്കാലത്തിന്റെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ്.
ഇത്തവണ പഞ്ഞമാസമായ കര്ക്കടത്തിനും മുന്‍പേ നമുക്ക് മുന്നില്‍ മാരണമായി കൊറോണാ എന്ന കാണാക്കണം അത് എല്ലാവരെയും വീട്ടിലടച്ചു. നമ്മളിലേറെപ്പേര്‍ക്കും തൊഴിലെടുക്കാന്‍ പറ്റാതായി. കുട്ടികള്‍ക്ക് മുന്നില്‍ സ്കൂളുകള്‍ ഇനിയും തുറന്നിട്ടില്ല. ദുരിതങ്ങളുടെ കര്ക്കടത്തില് പെട്ടിമലയിലും കരിപ്പൂരും നമ്മുടെ കുറെസഹോദരങ്ങളെയും നഷ്ടമായി. മകരമാസത്തില്‍ തുടങ്ങിയ കഷ്ടകാലം ആടിയറുതിയും കടന്ന് മുന്നിലുണ്ട്.
ഇക്കാലത്തിനുമപ്പുറം അതിജീവനത്തിന്റെ ഒരു പുലര്ക്കാലത്തിനായി. നാല് നാളിനപ്പുറം അത്തം പിറക്കും. പൊന്നോണത്തിനായുള്ള കാത്തിരിപ്പു കൂടിയാണ് ഇനി…