കാക്കനാട്: “എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല’ – കളക്ടറേറ്റിലെത്തിയ ഒരു തപാലിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്കമംഗലം എന്‍.എസ്.എസ്. ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ചന്ദനയാണ് തൻ്റെ ആവശ്യം ജില്ലാ കളക്ടറോട് കത്തിലൂടെ അവതരിപ്പിച്ചത്. കിട്ടിയ കത്തിൽ തീരുമാനമെടുക്കാൻ കളക്ടർ എസ്.സുഹാസ് അധിക സമയം നീട്ടിയില്ല. ചന്ദനയുടെ വീട്ടിൽ ചെന്ന് പുതിയ ആൻഡ്രോയ്ഡ് ഫോൺ കൈമാറി. നന്നായി പഠിക്കാമെന്ന ഉറപ്പും വാങ്ങിയായിരുന്നു മടക്കം.
ഓൺലൈൻ പഠനം പ്രതിസന്ധിയിലായപ്പോൾ നിറഞ്ഞ പ്രതീക്ഷയോടെയാണ് കളക്ടർക്ക് കത്തയച്ചതെന്ന് ചന്ദന പറയുന്നു. ഓണ്‍ലൈന്‍ പഠനത്തിന് ചന്ദന ഉപയോഗിച്ചിരുന്ന ഫോണ്‍ കേടായതിനെ തുടര്‍ന്ന് പഠനം മുടങ്ങിയതാണ് വിഷയം. ഫോണ്‍ പണി മുടക്കുന്നതിനനുസരിച്ച് നന്നാക്കി വരുന്നതിനിടെ പൂര്‍ണ്ണമായും കേടായി. നടത്തിവന്നിരുന്ന ചെറിയ കട ലോക്ഡൗണിനെ തുടര്‍ന്ന് പൂട്ടേണ്ടി വന്നപ്പോള്‍ പെയിന്റിങ് ജോലി ചെയ്യാന്‍ തുടങ്ങിയ അച്ഛന് ആദര്‍ശും ഒരു കടയില്‍ ജോലിക്കു പോകുന്ന അമ്മ ഷീനയും മാസങ്ങള്‍ക്കുമുമ്പ് കോവിഡിൻ്റെ പിടിയിലായി. രോഗം ഭേദമായെങ്കിലും ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജോലിക്കു പോകാന്‍ നിവൃത്തിയില്ലാതായതോടെ മകളെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പറഞ്ഞയക്കുക എന്നതായിരുന്നു അവര്‍ കണ്ടെത്തിയ പരിഹാര മാര്‍ഗ്ഗം.
‘ എൻ്റെ കൂട്ടുകാരിയുടെ ഫോണില്‍നിന്നുമാണ് ഞാന്‍ നോട്ടുകള്‍ എഴുതിയെടുക്കുന്നത്. കൂട്ടുകാരിയുടെ പേര് ആഷ്ണമോള്‍ രഘു. അവളുടെ വീട് ഒരു കിലോമീറ്റര്‍ ദൂരെയാണ്. അവിടെവരെ സൈക്കിളില്‍ പോയാണ് വരുന്നത്. ആ പ്രദേശത്തൊക്കെ കോവിഡ് കേസുകള്‍ ഉള്ളതുകൊണ്ട് അച്ഛനും അമ്മക്കും എന്നെ വിടാനും ഇപ്പോള്‍ പേടിയാണ്. അപ്പോഴാണ് സാറിനോട് ഈ വിഷമം പങ്കുവെച്ചാലോ എന്ന് ആഷ്ണമോള്‍ പറഞ്ഞത്. ഗൂഗിള്‍ മീറ്റ് വഴി അധ്യാപകര്‍ ക്ലാസ്സെടുക്കുന്നതിനു പുറമേ ഓരോ വിഷയങ്ങള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് നോട്ടുകള്‍ തരുന്നത്. എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല’ കത്തിൽ പ്രശ്നം വിവരിച്ച ശേഷം ചന്ദന ആവശ്യവും തുറന്നു പറഞ്ഞു.
ആ ചോദ്യത്തില്‍ എന്നിലുള്ള വിശ്വാസവും പ്രതീക്ഷയുമാണ് എനിക്ക് അനുഭവപ്പെട്ടതെന്ന് കളക്ടർ പറയുന്നു. തുടർന്ന് പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ചന്ദനയുടെ വീട്ടില്‍ നേരിട്ട് പോയി നല്‍കുകയായിരുന്നു. കത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ വീട്ടുകാരെ വിളിച്ച് വിവരം ധരിപ്പിച്ചാണ് പോയത്. ചന്ദനയും കൂട്ടുകാരി ആഷ്ണയും വീട്ടിലുണ്ടായിരുന്നു.
നന്നായി പഠിക്കാമെന്ന് ഇരുവരും ഉറപ്പു നല്കി. ഇതെൻ്റെ കടമ മാത്രം. ഔദ്യോഗികജീവിതത്തിൻ്റെ തിരക്കുകള്‍ക്കിടെ ഒരുപക്ഷേ ഇക്കാര്യമെല്ലാം വിസ്മരിച്ചേക്കാം. പക്ഷേ ആ കൊച്ചു മിടുക്കികളില്‍ ഇതുണ്ടാക്കിയ ആത്മവിശ്വാസവും ദൃഢനിശ്ചയവും ഏറെ വലുതാണെന്നും കളക്ടർ പറഞ്ഞു.