മൂവാറ്റുപുഴ: കാർഷിക സ്വയം പര്യാപ്തത ലക്ഷ്യമിട്ട് യുവകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗഡേഷൻറെ എം.പി’സ് യൂത്ത് അഗ്രോമിഷൻ പദ്ധതിയുടെ മൂവാറ്റുപുഴ നിയോജകമണ്ഡല തല ഉദ്ഘാടനം എംപി ആയവനയിൽ നിർവ്വഹിച്ചു. ഇടുക്കി കെയർ ഫൗണ്ടേഷൻ ആയവന കൺവീനർ ജെയിംസ് എൻ ജോഷി അധ്യക്ഷത വഹിച്ചു ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുബാഷ് കടയ്ക്കോടൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജീമോൻ പോൾ, ജലീൽ പി.കെ, താരിഖ് അസ്സിസ്, സുബിൻ ജോസ്, സിജോ ജോൺ, അജയ് വെട്ടിയാങ്കൽ, ഷോൺ ജോഷി തുടങ്ങിയവർ പങ്കെടുത്തു.
കാർഷിക മേഖലയിലൂടെ നാടിൻറെ സ്വയംപര്യാപ്തത ലക്ഷ്യംവച്ചും ഉദ്പാദന മേഖലയിലേക്ക് യുവാക്കളെ കൂടുതല് കർമ്മ നിരതരാക്കുവാനും ലക്ഷ്യമിട്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് എം.പി’സ് യൂത്ത് ആഗ്രോമിഷൻ. 20 അംഗങ്ങളെ ചേർത്ത് പഞ്ചായത്ത് തലത്തിൽ രൂപീകരിക്കുന്ന യൂണിറ്റുകളാണ് അതാത് പ്രദേശത്തെ കാർഷിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. തരിശുഭൂമികൾ കണ്ടെത്തിയും ലാഭകരമല്ലാത്തതിനാൽ കൃഷി ചെയ്യാതെ കർഷകരുടെ കൈവശത്തിലിരിക്കുന്നതുമായ കൃഷിയിടങ്ങളിലും യുവാക്കളുടെ സഹായത്തോടെ പുതുതായി കൃഷിയിറക്കുകയാണ് ലക്ഷ്യം. കൃഷിക്കാവശ്യമായ വിത്തുകളും മറ്റ് സാങ്കേതിക സഹായങ്ങളും യൂത്ത് അഗ്രോമിഷൻ നല്കും. നെല്ല് വാഴ, മരച്ചീനി, പച്ചക്കറി ഇനങ്ങൾ എന്നിവയാണ് പ്രധാനമായും കൃഷിചെയ്യാൻ ഉദ്ദേശിക്കുന്നത്. യൂത്ത് അഗ്രോമിഷൻ പദ്ധതിയുടെ ഇടുക്കി പാർലമെൻറ് തല ഉദ്ഘാടനം ജൂൺ 01 ഇടുക്കി മണിയാറൻകുടിയിൽ തരിശ്ശായിക്കിടന്ന ഒരു ഹെക്ടർ പാടശ്ശേഖരത്തിൽ കൃഷിയിറക്കിയാണ് നിർവ്വഹിച്ചത്.