മൂവാറ്റുപുഴ: പാലിയേറ്റീവ് രോഗികള്‍ക്ക് സ്നേഹ യാത്രയുമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. പാലിയേറ്റീവ് ദിനമായ ജനുവരി 15 നാണ് പാലിയേറ്റീവ് രോഗികളുമായി ‘നേഹായനം യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെയും പണ്ടപ്പിള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
ക്യാന്‍സര്‍ രോഗബാധിതരായി അവയവങ്ങള്‍ നീക്കം ചെയ്ത രോഗികള്‍ , കിഡ്നി രോഗികള്‍, ബൈസ്റ്റാന്‍ഡേര്‍സ്, പാലിയേറ്റീവ് സ്റ്റാഫ് എന്നിവരുള്‍പ്പടെ 60 പേരാണ് യാത്രാ സംഘത്തിലുള്ളത്. സാമൂഹത്തില്‍ ഏറ്റവും പരിഗണനയും കരുതലും ആവശ്യമുള്ളവരെ ചേര്‍ത്തു നിര്‍ത്തുക, അവര്‍ക്ക് സഹായമെത്തിക്കുക, അവരുടെ ശാരീരികവും മാനസീകവുമായ ഉല്ലാസത്തിന് ഉതകുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുക എന്നതിനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് കെ.വി രാധാകൃഷ്ണന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കിടപ്പു രോഗികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രയോജനകരമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിനാണ് ശ്രമിച്ചു വരുന്നത്. ഡയാലിസിസ് രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ കൂടുതല്‍ സഹായമെത്തിക്കുന്നതിനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുമെന്നും അദ്ധേഹം പറഞ്ഞു.
15ന് രാവിലെ 8.30 ന് മൂവാറ്റുപുഴ ഹോളി മാഗി ചര്‍ച്ച് ഗ്രൗണ്ടില്‍ നിന്നും യാത്ര ആരംഭിക്കും. മൂവാറ്റുപുഴ എം.എല്‍.എ. ഡോ. മാത്യു കുഴല്നാടന്, മുന്‍ എം.എല്‍.എ ജോസഫ് വാഴക്കന് , നിര്‍മ്മല ഹൈസ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. ആന്റണി പുത്തന്‍കുളം എന്നിവര്‍ യാത്രാ മംഗളങ്ങള്‍ നേരാന്‍ എത്തിച്ചേരും.
തുടര്‍ന്ന് കുഴുപ്പിള്ളി ബീച്ച്, സാമൂഹ്യ പരിഷ്ക്കര്‍ത്താവ് സഹോദരന് അയ്യപ്പന് സ്മാരകം എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് സഹോദരന് അയ്യപ്പന്റെ സ്മാരകമന്ദിരത്തില്‍ നടക്കുന്ന പാലിയേറ്റീവ് സംഗമം വൈപ്പിന്‍ എം.എല്‍.എ കെ.എന്‍ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സനിത റഹിം മുഖ്യാതിഥി ആയി പങ്കെടുക്കും. ശേഷം വാട്ടര്‍ മെട്രോയും കൊച്ചി മെട്രോ സന്ദര്‍ശിച്ച് തിരികെ മൂവാറ്റുപുഴയിലേക്ക് മടങ്ങുന്ന വിധത്തിലാണ് ‘സ്നേഹായനം’ പാലിയേറ്റീവ് ദിനത്തിലെ സ്നേഹയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. പുറം ലോകത്തിലേക്ക് ഇനി യാത്ര ചെയ്യാനോ ഉല്ലാസയാത്രയ്ക്കോ കഴിയില്ലെന്നു വിചാരിക്കുന്ന നമ്മുടെ സഹോദരങ്ങളെ പുറം ലോകത്തേക്ക് കൊണ്ടുവരികയും അവരുടെ മാനസീക ഉല്ലാസത്തിനും അവരുടെ പരിചരണത്തിനും ഞങ്ങളും ഒപ്പമുണ്ട് എന്ന സന്ദേശം നല്‍കാനുമാണ് ഈ യാത്രയെന്ന് ഭാരവാഹികള്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് മേഴ്സി ജോര്‍ജ്ജ്, അംഗങ്ങളായ പ്രൊഫ. ജോസ് അഗസ്റ്റിന്, റിയാസ് ഖാന് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.