കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 16മുതല്‍ 19 വരെ കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് സ്റ്റേഡിയത്തിലാണ് 95 ഇനങ്ങളില്‍ 2000 കായികപ്രതിഭകള്‍ മാറ്റുരയ്ക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള വാമിങ് അപ് ഏരിയ ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് സെന്ററില്‍ നിര്‍മാണം പൂര്‍ത്തിയായി. 300 പേര്‍ക്ക് ഒരേസമയം പരിശീലനം നടത്താനുള്ള സൗകര്യം ഒരേക്കറിലുണ്ട്. മത്സരാര്‍ഥികള്‍ക്കും കൂടെയുള്ളവര്‍ക്കുമായി ടോയ്ലെറ്റും ഇരുനൂറോളം വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാകും മേള.
14ന് വൈകിട്ട് അഞ്ചിന് കണ്ണൂര്‍ നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തും. രജിസ്ട്രേഷന് 15ന് തുടങ്ങും. മത്സരങ്ങള്‍ 16ന് രാവിലെ ഏഴിനും മറ്റ് ദിവസങ്ങളില്‍ 6.30നും തുടങ്ങും. സമയക്രമം കൃത്യമായി പാലിക്കും.അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് സിന്തറ്റിക് സ്റ്റേഡിയത്തിനുസമീപത്തെ കെട്ടിടങ്ങളില്‍ കണ്ണൂര്‍ സര്‍വകലാശാല എന്‍ജിനിയറിങ് വിഭാഗം പരിശോധന നടത്തി. വെള്ളം, വൈദ്യുതി, താമസ സൗകര്യം എന്നിവ വിലയിരുത്തി. ഡെവലപ്മെന്റ് ഓഫീസര്‍ ഡോ. എം കെ രാധാകൃഷ്ണന്, എന്‍ജിനിയര്‍ കെ വിനോദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
മത്സരങ്ങള്‍ സമയബന്ധിതമായി നടത്തുന്നതിന് സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ യോഗം ചേര്‍ന്നു. 20 പേരടങ്ങുന്ന ടീമിനാണ് മത്സരങ്ങളുടെ പ്രധാന ചുമതല. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കായികാധ്യാപകര്‍ക്കും വേദികളില്‍ ചുമതല നല്‍കില്ല.16ന് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എസ്പിസി വിഭാഗം ബാന്‍ഡ് സംഘത്തിന്റെ അകമ്പടിയോടെ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തുന്നതോടെ കായികമേള തുടങ്ങും. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷനിലെ 23 കുട്ടികള്‍ അവതരിപ്പിക്കുന്ന കളരി അഭ്യാസ പ്രകടനം, കരിവെള്ളൂര്‍ എ വി സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന പൂരക്കളി, മോറാഴ ഗവ. ഹൈസ്കൂള്‍ കുട്ടികളുടെ യോഗ, കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ 100കുട്ടികളുടെ എയ്റോബിക്സ് തുടങ്ങിയവ അരങ്ങേറും.