ചെറുതോണി: വാര്‍ത്തകളുടെ ലോകത്ത് ചുറുചുറുപ്പോടെ ഓടി നടന്ന് സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുപോന്നിരുന്ന യുവ മാധ്യമ പ്രവര്ത്തകന് ജീവിതത്തിലേക്ക് തിരികെ വരാന്‍ സുമനസുകളുടെ സഹായം തേടുന്നു. ജില്ലാ ആസ്ഥാനത്ത് ചെറുതോണിയില്‍ മാതൃഭൂമി ദിനപത്രത്തിന്റെ ലേഖകനായ റ്റി ബി ബാബുക്കുട്ടന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത്.
രണ്ടുമാസം മുമ്പ് ശരീരമാസകലം നുറുങ്ങുന്ന വേദനയോടെയാണ് രോഗം ആരംഭിച്ചത്. ഇടുക്കി കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയിലാണ് മള്‍ട്ടിപ്പിള്‍ മൈലോമ എന്ന മഹാരോഗമാണെന്ന് കണ്ടെത്തിയത്. പിന്നീട് തിരുവനന്തപുരം റീജനല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ ആരംഭിച്ചു. ഇതിനിടെ കോവിഡും ന്യുമോണിയയും പിടിപെട്ടതിനെ തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.കോവിഡ് ഭേദപ്പെട്ടുവെങ്കിലും ന്യുമോണിയയോടൊപ്പം മജ്ജക്കുളളിലെ അര്‍ബുദരോഗം ഗുരുതരമായി തുടരുകയാണ്.
ഒരു ദിവസത്തെ ചികിത്സക്ക് മുപ്പതിനായിരത്തില്‍ അധികം രൂപ വേണ്ടിവരുന്നുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായ ബാബുക്കുട്ടന് വെളളക്കയത്ത് പെരിയാര്‍ തീരത്തുളള 15 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുളളത്. 2018 ലെ പ്രളയത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് പുനര്‍നിര്‍മ്മാണത്തിനുളള ശ്രമം നടത്തിക്കൊണ്ടിരിക്കവെയാണ് അപ്രതീക്ഷിതമായി മഹാരോഗം ബുബുക്കുട്ടനെ പിടികൂടുന്നത്. സഹപ്രവര്‍ത്തകരുടേയും അഭ്യുദകാംഷികളുടേയും സഹകരണത്താലാണ് ഇതുവരെയുളള ചികിത്സകള്‍ നടത്തിയത്. തുടര്‍ന്നുളള ചികിത്സക്ക് വലിയ സഹായം ആവശ്യമായി വരികയാണ്.
ചെറുതോണിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ബാബുകുട്ടനുവേണ്ടി ചികിത്സാ സഹായനിധി സ്വരൂപിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇടുക്കി ശാഖയില്‍ ചികിത്സാ സഹായ നിധിക്കായി ആരംഭിച്ചിട്ടുളള പ്രത്യേക അക്കൗണ്ടിലേക്ക് ഉദാരമതികളായ ബഹുജനങ്ങളുടെ സഹായം പ്രതീക്ഷിക്കുകയാണ്. ബാബുക്കുട്ടന്റെ ജീവനും ജീവിതവും നിലനിര്‍ത്തുന്നതിന് എല്ലാ നല്ലവരായ ജനങ്ങളുടേയും സഹായവും പിന്തുണയും നല്‍കണമെന്ന് പ്രസ്സ് ക്ലബ്ബ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.