തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ റോഡില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കാന്‍ മൊബൈല്‍ സാനിറ്റൈസേഷന്‍ ബസൊരുക്കി കേരളപൊലിസ്. 14 ജില്ലകളിലും ബസൊരുക്കാനാണ് തീരുമാനം. തുടര്‍ച്ചയായ ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
ബസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന് പുറമേ മറ്റൊല്ലാ ജില്ലകളിലും പൊലീസുകാര്‍ക്കായി മൊബൈല്‍ യൂണിറ്റ് സജ്ജമാക്കുമെന്നും ബെഹ്റ വ്യക്തമാക്കി.
പൊലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ എത്തുന്ന ഈ ബസില്‍ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട്. പൊലീസുകാര്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച് ബസ്സിനുളളിലൂടെ കടന്ന് മുന്നില്‍ എത്തുന്ന സമയത്തിനുളളില്‍ അവരെ പൂര്‍ണ്ണമായും അണുവിമുക്തരാക്കാന്‍ ഈ സംവിധാനത്തിന് കഴിയും.