പ്രതിരോധ വ്യവസായ മേഖലയിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്ത് കിൻഫ്രയുടെ പ്രതിരോധപാർക്ക് ഉദ്ഘാടന സജ്ജം. പൊതുമേഖലയിലെ രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്കാണ് ഒറ്റപ്പാലത്ത് ഒരുങ്ങിയത്. 130.94 കോടി ചെലവിൽ 60 ഏക്കറിലാണ് പാർക്ക് തയ്യാറാക്കിയിരിക്കുന്നത്. 50 കോടിയുടെ കേന്ദ്രസഹായവും പദ്ധതിക്കുണ്ട്. പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഡിഫൻസ് പാർക്കിന് സാധിക്കും. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 101 പ്രതിരോധ ഉല്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ ഒറ്റപ്പാലം പ്രതിരോധ പാർക്ക് രാജ്യത്തെ ശ്രദ്ധാ കേന്ദ്രമാകും. അടിസ്ഥാന സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങൾ (സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറി) വെയർ ഹൗസുകൾ, കോമൺ യൂട്ടിലിറ്റി സെന്റർ തുടങ്ങിയ സൗകര്യങ്ങളാണ് പ്രതിരോധ പാർക്കിൽ സജ്ജമാക്കിയിട്ടുള്ളത്. പാർക്ക് പ്രവർത്തനം തുടങ്ങുന്നതോടെ പ്രതിരോധ വ്യവസായ രംഗത്ത് കേരളത്തിന് വലിയ സാധ്യത കൈവരും.