സമൂഹ അടുക്കളയും ഭക്ഷണ വിതരണവും തുടര്‍ന്നുകൊണ്ടു പോകുവാനുള്ള ഭാരിച്ച സാമ്പത്തിക ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാത്രം ഏല്പിക്കാതെ ഗവണ്മെന്റിന്റെ ഒരു വിഹിതം ഇതിനായി അനുവദിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
സമൂഹ അടുക്കളയുടെ നടത്തിപ്പിന് സ്വമേധയാ സാമൂഹ്യ സേവനത്തിന് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്നതും കുറ്റവാളികളായി കാണുന്നതും ശരിയല്ല. സമൂഹ അടുക്കളയില്‍ ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാത ഭക്ഷണവും വൈകുന്നേരത്തെ ഭക്ഷണവും സദ്ധന്ന സംഘടനകള്‍ നല്‍കുന്നത് പരിഗണിക്കണമെന്ന് ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. കാര്‍ഷിക വായ്പ ഉള്‍പ്പെടെ സഹകരണ ബാങ്കിന്റെയും വാണിജ്യ ബാങ്കുകളിലെയും എല്ലാ വായ്പകള്‍ക്കും ഒരുവര്‍ഷത്തെ മൊറട്ടോറിയവും ആ കാലത്തെ പലിശ ഇളവും നല്‍കിയാലേ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സാമ്പത്തിക ആശ്വാസം ലഭിക്കുകയുള്ളു. ഇപ്പോള്‍ ബാങ്കുകള്‍ അനുവദിച്ചിട്ടുള്ള 3 മാസത്തെ മൊറട്ടോറിയം സാമ്പത്തിക പ്രതിസന്ധിക്ക് അല്പം പോലും പരിഹാരം ആകില്ല.
യാത്രാ നിയന്ത്രണങ്ങള്‍ മാറുമ്പോള്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ട സൗകര്യം നല്കാന് ഇപ്പോള്‍ തന്നെ മുന്‍കരുതല്‍ എടുക്കണം. വിവിധ രാജ്യങ്ങളിലെ മലയാളി സമൂഹത്തിന് കോവിഡ് മൂലമുള്ള പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ നോര്‍ക്കയില്‍ ടോള്‍ഫ്രീ നമ്പര്‍ ഉള്‍പ്പെടെ സംവിധാനം വേണം. കോവിഡ്-19 നിയന്ത്രിക്കുന്നതിനുള്ള ജാഗ്രത കുറയ്ക്കാതെ തന്നെ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഉണ്ടാക്കണം. റബ്ബര്‍ ടാപ്പിംഗിനും അനുമതി നല്കുന്ന കാര്യം പരിഗണിക്കണം. 15 മാസം കുടിശികയായ 150 രൂപയുടെ റബര്‍ വില സ്ഥിരതാ ഫണ്ട് ഉടനേ നല്കാന് നടപടി സ്വീകരിക്കണം. നെല്‍പ്പാടങ്ങളില്‍ കൊയ്ത്തു യന്ത്രങ്ങളും ഡ്രൈവറന്മാരും വരുന്നത് ഉറപ്പ് വരുത്തുവാനും കൊയ്ത നെല്ല് സംഭരിക്കാനും യഥാസമയം വില നല്കുവാനും നിര്‍ദേശം നല്‍കണം. കര്‍ഷക പെന്ഷന് കുടിശികയും അടിയന്തരമായി നല്കാന് നടപടി ഉണ്ടാകണം.
കേരള റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് വഴി റബ്ബര്‍ സംഭരിക്കുവാനും കേരള കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് വഴി കശുവണ്ടി, കൊപ്ര, പച്ചതേങ്ങ തുടങ്ങിയവ സംഭരിക്കുവാനും നിര്‍ദ്ദേശം കൊടുത്താല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. മലഞ്ചരക്ക് കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കണം. സംഭരിച്ച റബ്ബര്‍ വാങ്ങാനും കൊണ്ടുപോകാനും വന്‍കിട വ്യാപാരികള്‍ക്കും ടയര്‍ ഫാക്ടറികള്‍ക്കും നിര്‍ദ്ദേശം നല്‍കണം. കാപ്പക്സും കാഷ്യൂ കോര്‍പ്പറേഷനും ആരംഭിച്ച കശുവണ്ടി സംഭരണം മുടങ്ങാതെ നടത്തുവാനും സംഘങ്ങള്‍ സംഭരിച്ച കശുവണ്ടി ഏറ്റെടുക്കാനും നടപടി ഉണ്ടാകണം. അന്യ സംസ്ഥാനത്ത് നിന്നും കൊണ്ടുവരേണ്ട കോഴിത്തീറ്റ, കന്നുകാലിത്തീറ്റ എന്നിവ യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണം.
സാമൂഹ്യ സുരക്ഷാ മിഷന്, ആശ്വാസ കിരണ്‍, അനാഥാലയങ്ങളുടെ ഗ്രാന്റ് തുടങ്ങി സര്‍ക്കാരിന്റെ സഹായം കൊണ്ട് മാത്രം നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ കുടിശിക അടിയന്തരമായി തീര്‍ത്തു നല്‍കണം. ലോക്ക് ഡൗണ്‍ മൂലം കടലില്‍ പോകുവാന്‍ കഴിയാതെ പട്ടിണിയുടെ വക്കിലായ മത്സ്യതൊഴിലാളികള്‍ക്ക് പ്രതേ്യക പാക്കേജ് പ്രഖ്യാപിക്കണം. കശുവണ്ടി, കയര്‍, കൈത്തറി, ഖാദി, വാദ്യ കലാകാരന്മാര്, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയ പരമ്പരാഗത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും സഹായങ്ങള്‍ പ്രഖ്യാപിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.