മുവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കനിവ് പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രനില്‍ നിന്ന് കനിവ് ചെയര്മാന് എം.എ.സഹീര്‍ മെമ്പര്‍ഷിപ്പ് ഫീസ് ഏറ്റുവാങ്ങി. മുവാറ്റുപുഴ കോടതി സമുച്ചയത്തിന് എതിര്‍വശത്തുള്ള എസ്തോസ് ഫൗണ്ടേഷന് ബില്‍ഡിങ്ങില്‍ കനിവ് ഓഫീസിന്റെ പ്രവര്‍ത്തനം ഡിസംബര്‍ പകുതിയോടെ ആരംഭിക്കും. അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് സൗജന്യമായി സേവനം ലഭ്യമാക്കുന്ന ഫിസിയോ തെറാപ്പി സെന്റര്‍ കനിവ് ഓഫീസിനോട് അനുബന്ധമായി പ്രവര്‍ത്തിക്കും.
അപകടം മൂലവും, രോഗ ബാധ മൂലവും കിടപ്പിലായവര്‍ക്കും, വിശ്രമത്തില്‍ കഴിയേണ്ടി വരുന്നവര്‍ക്കും ആവശ്യമായി വരുന്ന വാട്ടര്‍ ബെഡ്, വീല്‍ചെയര്‍, വാക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ആവശ്യമായത്ര കാലത്തേക്ക് കനിവ് ഓഫീസില്‍ നിന്നും രോഗികള്‍ക്ക് നല്‍കും. രണ്ടാം ഘട്ടത്തില്‍ കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തിയുള്ള സാന്ത്വന പരിചരണവും, ഡയാലിസിസ് യൂണിറ്റും, രക്തബാങ്കും പ്രവര്‍ത്തനം ആരംഭിക്കും. ഈ സദ്ഉദ്യമത്തിന്റെ ഭാഗമായി മാറാന്‍ കക്ഷി – രാഷ്ടീയ ചിന്താഗതികള്‍ക്ക് അതീതമായി എല്ലാവരും കനിവ് അംഗങ്ങളാവണമെന്ന് അംഗത്വം സ്വീകരിച്ചു കൊണ്ട് കെ.പി.രാമചന്ദ്രന് അഭ്യര്‍ത്ഥിച്ചു.