മൂവാറ്റുപുഴ: മൂവാറ്റുപുഴ കേന്ദ്രമായി ബാംബു കോര്‍പ്പറേഷന്റെ സബ് ഡിപ്പോയോ, ഈറ്റ വ്യവസായ കേന്ദ്രമോ തുടങ്ങണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് കത്ത് നല്കി. മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും ഈറ്റ, മുള എന്നിവ ഉപയോഗിച്ചുള്ള പരമ്പരാഗത തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്ന 250 ഓളം കുടുംബങ്ങളാണുള്ളത്. നിലവില്‍ ഇവര്‍ക്ക് ഈറ്റയും മുളയും ലഭിക്കാണമെങ്കില്‍ അങ്കമാലിയിലുള്ള ബാംബു കോര്‍പ്പറേഷന്റെ ഡിപ്പോയെയാണ് ആശ്രയിക്കുന്നത്. ഇവിടെ നിന്നും ഈറ്റയും മുളയും എത്തിച്ചാണ് പാരമ്പരാഗത തൊഴില്‍ ചെയ്ത് ജീവിക്കുന്ന കുടുംബങ്ങള്‍ ഉപജീവനം നടത്തുന്നത്. ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പനങ്ങള്‍ക്ക് തുശ്ചമായ വിലയാണ് ലഭിക്കുന്നത്.
എന്നാല്‍ ഉല്‍പ്പാദന ചിലവ് കൂടിയതോടെ പലരും മറ്റ് തൊഴിലുകള്‍ തേടി പോകേണ്ട അവസ്ഥയാണ്. നഷ്ടങ്ങള്‍ സഹിച്ചും പരമ്പരാഗതമായി ചെയ്ത് വരുന്ന കുലതൊഴില്‍ ഉപേക്ഷിക്കാന്‍ പലരും തയ്യാറാകുന്നില്ല. നിലവില്‍ ഇവര്‍ക്ക് മൂവാറ്റുപുഴയില്‍ നിന്നും കിലോമീറ്റര്‍ സഞ്ചരിച്ച് അങ്കമാലിയില്‍ നിന്നും ഈറ്റയും മുളയും ശേഖരിക്കുന്നത്. ഇത് പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് ഏറെ ദുരിതമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ മൂവാറ്റുപുഴ ആസ്ഥാനമായി ബാംബു കോര്‍പ്പറേഷന്റെ സബ് ഡിപ്പോയോ, ഈറ്റ വ്യവസായ കേന്ദ്രമോ ആരംഭിക്കുകയാണങ്കില്‍ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ കത്തിലൂടെ ചൂണ്ടി കാണിച്ചു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സാംബവ മഹാസഭ മൂവാറ്റുപുഴ യൂണിയന് എല്‍ദോ എബ്രഹാം എം.എല്‍.എക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് എല്‍ദോ എബ്രഹാം എം.എല്‍.എ വ്യവസായ മന്ത്രിയ്ക്ക് കത്ത് നല്‍കിയത്.