മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കലിന്റെ നേതൃത്വത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഓൺലൈൻ പഠനം സാധ്യമല്ലാതെ വിദ്യാർഥികൾക്ക് നൽകി വരുന്ന സഹായ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർഥിക്ക് പ്ലസ് വൺ ക്ലാസിലേക്ക് പഠിക്കാൻ ആവശ്യമായ സ്മാർട്ട്ഫോൺ കിട്ടാതെ വന്നപ്പോഴാണ് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ സ്വന്തം നിലയിൽ സ്മാർട്ട്ഫോണും പഠനോപകരണങ്ങളും കുടയും എത്തിച്ചു നൽകിയത്.നേരത്തെ ആദ്യഘട്ടത്തിൽ മൂവാറ്റുപുഴ തർബിയത്ത് സ്കൂളിലെ വിദ്യാർഥികൾക്കും, രണ്ടാം ഘട്ടത്തിൽ കെ.എം.എൽ.പി. സ്ക്കൂൾ കാവുങ്കര, ഫാ. ജോസഫ് മെമ്മോറിയൽ ഹൈസ്കൂൾ പുതുപ്പാടി, എം ഇ എസ് സ്കൂൾ പുന്നമറ്റം, ഗവർമെന്റ് യുപിഎസ് മുളവൂർ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് സ്മാർട്ട് ടെലിവിഷനുകളും പഠനോപകരണങ്ങളും കുടയും നൽകിയിരുന്നു. തുടർന്നും ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ അറിയിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പി.എം.സലിം, ബാങ്ക് സെക്രട്ടറി സുധീർ കെ, ജബ്ബാർ മുളവൂർ, അലി ഇലഞ്ഞയിൽ എന്നിവർ സംബന്ധിച്ചു.