ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍മൂലം കടുത്ത ദുരിതത്തിലായ അനാഥാലയങ്ങളെ സംരക്ഷിക്കാന്‍ അടിയന്തരശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
എല്ലാവര്ക്കും സൗജന്യമായി അരിയും ഗോതമ്പും നല്കുവാനുള്ള തീരുമാനം അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കു കൂടി ബാധകമാക്കണം. കൊറോണ സംബന്ധിച്ച നിയന്ത്രണങ്ങളുടെ സമയപരിധി കഴിഞ്ഞാലും അനാഥാലയങ്ങള്‍ക്ക് സൗജന്യമായോ അല്ലെങ്കില്‍ ഒരു രൂപ നിരക്കിലോ അരിയും ഗോതമ്പും നല്കുന്ന കാര്യം മുഖ്യമന്ത്രി പ്രത്യേകം പരിഗണിക്കണം. സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക സഹിതം എത്രയും വേഗം നല്‍കണം. പുതിയവയുടെ അംഗീകാരത്തിനു ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ മാസങ്ങളായി തീരുമാനമാകാതെ കിടക്കുകയാണ്.
ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിലേയ്ക്ക് 2019 ഒക്ടോബര്‍ 19-ന് തെരഞ്ഞെടുപ്പു നടത്തി 5 അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളതാണ്. സര്‍ക്കാര്‍ പ്രതിനിധികളായി 5 പേരെ നോമിനേറ്റ് ചെയ്യണം. എം.എല്‍.എ.മാരുടെ 3 പ്രതിനിധികളും എം.പി.മാരുടെ ഒരു പ്രതിനിധിയും കൂടി ചേര്‍ത്ത് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് എത്രയും വേഗം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ഗവമെന്റിന്റെ സഹായവും സന്നദ്ധ സംഘടനകളുടെയും ഉദാരമതികളായ വ്യക്തികളുടെയും സംഭാവനകൊണ്ട് മാത്രം നടുന്നുപോകുന്ന രണ്ടായിരത്തോളം സ്ഥാപനങ്ങളാണ് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡൗണിനുശേഷം വ്യക്തികളുടെയും സംഘടനകളുടെയും സഹായവും സാന്നിദ്ധ്യവും അനാഥാലയങ്ങള്‍ക്ക് ഇല്ലാതെയായി. സര്‍ക്കാര്‍ ഗ്രാന്റും കിട്ടുന്നില്ല. ബി.പി.എല്‍.-എ.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാവര്ക്കും സൗജന്യ അരി ലഭിക്കുമ്പോഴും അനാഥാലയങ്ങള്‍ കിലോയ്ക്ക് യഥാക്രമം 5.65 രൂപയും 4.15 രൂപയുമാണ് അരിക്കും ഗോതമ്പിനും നല്‍കുന്നത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കിലോയ്ക്ക് 1 രൂപ നിരക്കിലാണ് അനാഥാലയങ്ങള്‍ക്ക് അരിയും ഗോതമ്പും നല്‍കിയിരുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.