തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കേണ്ടവരുടെ സുരക്ഷയ്ക്കും കരുതലിനുമായി ഹെല്പ് ഡെസ്ക്ക് സ്ഥാപിക്കും. കോവിഡ് 19ന്റെ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരിക്കും ഹെല്പ് ഡെസ്ക്കിന്റെ ചുമതല. മറ്റു ചുമതലക്കാരെ ഭരണസമിതി തീരുമാനിച്ച് ഉള്‍പ്പെടുത്തും. ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഹെല്പ് ഡെസ്ക്കിന്റെ നടത്തിപ്പ് സംബന്ധിച്ച ഉത്തരവാദിത്തങ്ങള്‍ നല്‍കും. തുടക്കത്തില്‍ ഓഫീസ് സമയത്തും ആവശ്യമെങ്കില്‍ അധികസമയവും പ്രവര്‍ത്തിക്കുന്ന രീതിയിലാവും ഹെല്പ് ഡെസ്ക്ക് ഒരുക്കുക. ഹെല്പ് ഡെസ്ക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്സാപ്പുള്ള രണ്ട് ഫോണ്‍ നമ്പറുകളുണ്ടാവും.ഹെല്പ് ഡെസ്ക്ക് പ്രവര്‍ത്തനത്തിന്റെ ഫീല്‍ഡ്തല ഉത്തരവാദിത്തം വാര്‍ഡുതല സമിതികള്‍ക്കാണ്. വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍, സന്നദ്ധ ഗ്രൂപ്പുകള്‍ എന്നിവയിലൂ
ടെ ഏകോപിപ്പിക്കും. ഓരോ വാര്‍ഡുതല സമിതിയിലും ഒരു സെല്‍ഫോണ്‍ കോവിഡുമായി ബന്ധപ്പെട്ട ആശയവിനിമയത്തിനായി മാറ്റിവയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ കളക്ടറേറ്റ്, സംസ്ഥാനതല കോവിഡ് വാര് റൂം എന്നിവയ്ക്കു പുറമെ പ്രാഥമികാരോഗ്യ കേന്ദ്രം, ആരോഗ്യ വകുപ്പ്, പോലീസ്, കമ്മ്യൂണിറ്റി കിച്ചന്, ഐ.സി.ഡി.എസ്, റേഷന്‍ വിതരണ സംവിധാനം, ആംബുലന്‍സ്, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയുമായും ഹെല്പ് ഡെസ്ക്കിനെ ബന്ധിപ്പിക്കും. സവിശേഷ പരിഗണന ആവശ്യമുള്ളവരുടെ വീടുകളില്‍ ഹെല്പ് ഡെസ്ക്ക് ഫോണ്‍ നമ്പരുകള്‍ ഒരു സ്ലിപ്പില്‍ പ്രിന്റ് ചെയ്ത് വ്യക്തമായി കാണുന്ന രീതിയില്‍ പതിപ്പിക്കണം. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ പ്രിന്റ് ചെയ്ത സ്ലിപ്പ് പതിപ്പിക്കുന്നതിന് സാധ്യത ഇല്ലെങ്കില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി ഹെല്‍പ്പ് ഡെസ്ക്കിന്റെ ഫോണ്‍ നമ്പരുകള്‍ കൈമാറി അവ വ്യക്തമായി എഴുതിയ കടലാസ് ഓരോ വീട്ടിലും പതിപ്പിക്കാന്‍ നിര്‍ദേശം നല്‍കാം. ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ആശ്രയമില്ലാത്ത കിടപ്പുരോഗികള്‍, വീടില്ലാത്തവര്‍ എന്നിവരുടെ ചുമതല സമീപത്തുള്ള ഒരാളിനെ ഏല്‍പ്പിക്കണം. ആവശ്യമെങ്കില്‍ ഫോണ്‍ മുഖേന ഈ വ്യക്തി ഹെല്‍പ്പ് ഡെസ്ക്കില്‍ ബന്ധപ്പെട്ട് വിവരം അറിയിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വാര്‍ഡ് തലത്തിലും നല്കുന്ന ഓരോ സേവനവും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഈ വിവരങ്ങള്‍ അവലോകന യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
കോവിഡിന്റെ സമൂഹവ്യാപനം തടയുന്നതിനാവശ്യമായ ഇടപെടലുകള്‍, സുരക്ഷയ്ക്കായുള്ള റിവേഴ്സ് ക്വാറന്റൈന്, ക്വാറന്റൈന് സെന്ററുകളിലേക്ക് രോഗലക്ഷണമുള്ളവരെ മാറ്റിപാര്‍പ്പിക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം നേരിട്ടു നല്കുന്ന സേവനങ്ങള്‍ സവിശേഷ പരിഗണന ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്നുവെന്ന ഉറപ്പുവരുത്തല്‍, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭ്യമാകുന്നതിനാവശ്യമായ നടപടി സ്വീകരിക്കല്‍ എന്നിവ ഹെല്പ് ഡെസ്ക്കിലൂടെ ഏകോപിപ്പിക്കും. സവിശേഷ പരിഗണന വേണ്ട വിഭാഗങ്ങളെക്കുറിച്ചും ഇവര്‍ക്ക് ഉറപ്പാക്കേണ്ട സഹായങ്ങളെപ്പറ്റിയും സ.ഉ (കൈ) നം. 730/2020/ത.സ്വ.ഭ.വ ഉത്തരവില്‍ അനുബന്ധമായി വ്യക്തമാക്കിയിട്ടുണ്ട്.