കോഴിക്കോട്: നവീകരിച്ച കോഴിക്കോട് ബീച്ചിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആയിരിക്കും അധ്യക്ഷത വഹിക്കുക.
കോഴിക്കോടിന്റെ സാംസ്കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റക്കാട്, എം.എസ് ബാബുരാജ്, എം.ടി വാസുദേവൻ നായർ, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിൻ്റെ ചുമരുകളിൽ കാണാൻ കഴിയുക.
മിശ്കാൽ പള്ളിയും കുറ്റിച്ചിറയും തകർന്ന കടൽപ്പാലവും ഉരു നിർമ്മാണവും ഐസ് ഒരതിയും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം നേരിൽകാണുന്ന പോലെ കാഴ്ചക്കാർക്ക് ചിത്രങ്ങളിലൂടെ കാണാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു പ്രതേകത. ബീച്ചിൽ ഉടനീളം ചവറ്റുകുട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള കളി ഉപകരണങ്ങൾ, ഭക്ഷ്യ കൗണ്ടർ, ഭിന്നശേഷി റാമ്പുകൾ, വഴിവിളക്കുകൾ, ലാൻഡ്സ്കേപ്പിങ്, നിരീക്ഷണ ക്യാമറകൾ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങൾ. ശിലാസാഗരം ബീച്ചിലെ ഭീമൻ ചെസ് ബോർഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും കോഴിക്കോട് ബീച്ചിനെ വ്യത്യസ്തമാക്കുന്നത്.
എന്നാൽ, കൊവിഡ് സാഹചര്യം കൊണ്ട് ബീച്ച് അടമക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിലവിൽ സഞ്ചാരികൾക്ക് വിലക്കുണ്ട്. ഇതി മാറ്റം വന്നതിന് ശേഷമാണ് പൊതുജനങ്ങൾക്കായി ബീച്ച് തുറന്ന് നൽകുക.