പിതാവിന്റെ 30 വര്‍ഷം മുമ്പുള്ള കടം വീട്ടാന്‍ പത്രത്തില്‍ മകന് നല്കിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പെരുമാതുറ മാടന്‍വിള സ്വദേശിയായിരുന്ന അബ്ദുല്ലയുടെ മകന് നാസറാണ് പിതാവിന് പണം കടം കൊടുത്ത ലൂയീസിനെ തേടി പരസ്യം നല്‍കിയത്.
1980 കളിലാണ് അബ്ദുല്ല ഗള്‍ഫിലെത്തിയത്. ജോലി ലഭിക്കാതെ പ്രതിസന്ധിയിലായ അബ്ദുല്ലക്ക് കൊല്ലം സ്വദേശിയായ ലൂയീസ് സാമ്പത്തിക സഹായം നല്കി. ഈ പണം കൊണ്ടാണ് അബ്ദുല്ല പിന്നീട് പിടിച്ചു നിന്നത്. ഒരു ക്വാറിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ലൂയീസിന്റെ അടുത്ത് നിന്ന് മാറിത്താമസിച്ചതോടെ ഇയാളുമായുള്ള ബന്ധം മുറിഞ്ഞു.
നാട്ടിലെത്തി വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് പഴയ കടത്തെക്കുറിച്ച് അബ്ദുല്ല മക്കളോട് പറഞ്ഞത്. ലൂയീസിനെക്കണ്ട് കടം വീട്ടണമെന്ന ആഗ്രഹത്തോടെ പലരോടും അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പത്രത്തില്‍ പരസ്യം നല്‍കിയെങ്കിലും ഫലം കണ്ടില്ല.
പ്രതിസന്ധിഘട്ടത്തില്‍ താങ്ങായ സ്നേഹിതനെ ഒരു തവണയെങ്കിലും വീണ്ടും കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുല്ല കഴിഞ്ഞ 23ന് ഈ ലോകത്തോട് വിടപറഞ്ഞു. എങ്ങനെയെങ്കിലും ആ കടം വീട്ടണമെന്നാണ് അന്ത്യാഭിലാഷമായി പിതാവ് അറിയിച്ചതെന്നും നാസര്‍ പറഞ്ഞു. പിതാവിന്റെ ആഗ്രഹം നിറവേറ്റാനായി ലൂസിസിനെയോ സഹോദരന് ബേബിയേയോ കണ്ടെത്താനാവുമെന്ന പ്രതീക്ഷയോടെയാണ് നാസര്‍ വീണ്ടും പരസ്യം നല്‍കിയിരിക്കുന്നത്.
പരസ്യം കണ്ട് ഒരാള്‍ വിളിച്ചതായി നാസര്‍ പറഞ്ഞു. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് വിളിച്ചത്. ഇയാളുടെ പിതാവ് ലൂയീസും മരിച്ചു പോയിട്ടുണ്ട്. പിതാവിന്റെ ഫോട്ടോ അയച്ചു കൊടുക്കാമെന്ന് ഇയാള്‍ പറഞ്ഞിട്ടിട്ടുണ്ടെന്നും നാസര്‍ പറഞ്ഞു.