കൊച്ചി: ഇന്ത്യയില്‍ ജനിച്ചിട്ടുണ്ടെങ്കില്‍ ഇവിടെത്തന്നെ മരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരേ കൊച്ചിയില്‍ നടന്ന മുസ്ലീം സംഘടനകളുടെ സമര പ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും നിയമം നടപ്പാക്കാന്‍ മുസ്ലിംസമൂഹം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരില്‍ വേര്‍തിരിച്ച് രാജ്യത്തെ വെട്ടിമുറിക്കാനനുവദിക്കില്ലെന്ന് റാലി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചരിത്ര മുഹൂര്‍ത്തത്തിനാണ് നഗരം ഇന്ന് സാക്ഷ്യം വഹിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ചെറു സംഘങ്ങളായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് പ്രവര്‍ത്തകര്‍ എത്തി തുടങ്ങിയിരുന്നു. മൂന്ന് മണിയോടെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തോക്കിന് മുമ്പില്‍ വിരിമാര് കാട്ടിയ സമുദായം ആര്.എസ്.എസിന്റെ തിട്ടൂരത്തിന് മുമ്പില്‍ മുട്ടുമടക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു റാലി. ഭരണകൂട ഭീകരതക്കെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നാന്ദി കുറിച്ച് അവകാശ പോരാട്ടത്തിന്റെ അലയൊലികള്‍ തീര്‍ത്ത് അറബിക്കടലിന്റെ തീരമായ മറൈന്‍ ഡ്രൈവ് ലക്ഷ്യമാക്കി നീങ്ങിയ ജനസാഗരം അക്ഷരാര്‍ത്ഥത്തില്‍ പാല്‍കടലായി മാറി
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാന്, ടി.ജെ. വിനോദ്, മാത്യു കുഴല്നാടന്, ജസ്റ്റിസ് ഗോഡ്സെ പാട്ടീല്‍, സെബാസ്റ്റ്യന്‍ പോള്‍, വിവിധ മതസംഘടന നേതാക്കള്‍ തുടങ്ങിയവര്‍ സമര പ്രഖ്യാപന മഹാ സമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ മഹല്ലു കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നേരത്തെ പ്രതിഷേധ റാലികളും സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സംസ്ഥാന അടിസ്ഥാനത്തില്‍ കൊച്ചി നഗരത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.