73-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങള്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെന്നും കര്‍ണാടക നിയമം, പാര്‍ലമെന്ററികാര്യം, നിയമനിര്‍മ്മാണം, ടൂറിസം മന്ത്രി എച്ച്.കെ. പാട്ടില്‍ പറഞ്ഞു. ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കാദമി ഓഫ് ഗ്രാസ് റൂട്ട് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ഓഫ് ഇന്ത്യ (അഗ്രശ്രീ) ബെംഗളൂരുവില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം ജനങ്ങള്‍ക്ക് എന്ന രാജീവ്ഗാന്ധിയുടെ മുദ്രാവാക്യം പൂര്‍ണ്ണമായി രൂപാന്തരപ്പെടാത്തത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി 73-ാം ഭരണഘടനാ ഭേദഗതി നിയമത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പിലാക്കണമെന്നും പാട്ടീല്‍ പറഞ്ഞു. ബെംഗളൂരുവിലെ കുമാര പാര്‍ക്ക് ഈസ്റ്റിലെ ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക സ്റ്റേറ്റ് പഞ്ചായത്ത് രാജ് പരിഷദ് വൈസ് ചെയര്മാന് വെങ്കിട്ട റാവു വൈ. ഗോര്പേസ് അധ്യക്ഷത വഹിച്ചു.