വാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായ്. ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും ഇടയിലായാണ് സെന്റര്‍ സൈഡ് എയര്‍ബാഗ് ഘടിപ്പിക്കുക. ഡ്രൈവര്‍ സീറ്റിനുള്ളിലാണ് സെന്റര്‍ സൈഡ് എയര്‍ബാഗുണ്ടാവുക. അപകട സമയത്ത് ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും ഇടയിലേക്ക് എയര്‍ബാഗ് വിടര്‍ന്നുവരും.
മുന്നിലെ യാത്രക്കാര്‍ പരസ്പരം ഇടിച്ച് തലയ്ക്കേല്‍ക്കുന്ന പരിക്ക് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. 80 ശതമാനത്തോളം പരിക്കുകള്‍ ഇതുവഴി കുറയ്ക്കാന്‍ സെന്റര്‍ സൈഡ് എയര്‍ബാഗിന് സാധിക്കുമെന്നും ഹ്യുണ്ടായ് പറയുന്നു.
വശങ്ങളില് നിന്നുള്ള ഇടികളില്‍ ഡ്രൈവര്‍ക്ക് സുരക്ഷയൊരുക്കാനും ഈ എയര്‍ബാഗ് സഹായിക്കുമെന്നാണ് ഹ്യുണ്ടായിയുടെ വാദം. ഫ്രണ്ട്, സൈഡ് എയര്‍ ബാഗുകള്‍ക്കൊപ്പം ഉയര്‍ന്ന സുരക്ഷ നല്കാന് ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന മോഡലുകളില്‍ ഈ എയര്‍ബാഗ് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.