പാലക്കാട്: സംസ്ഥാനത്തെ ബസുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാനുളള സമയപരിധി നീട്ടി നല്‍കണമെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന്. ഫെബ്രുവരി 28-നകം കാമറ വയ്ക്കണമെന്നത് അപ്രായോഗികമാണെന്നും അനുകൂല നടപടിയില്ലെങ്കില്‍ സര്‍വീസുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ നിര്‍ത്തി വയ്ക്കുമെന്നും ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനെസേഷന്‍ വ്യക്തമാക്കി.
ക്യാമറകള്‍ ഘടിപ്പിക്കുന്നതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനാവശ്യമായ മുഴുവന്‍ തുകയും റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും നല്‍കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്.
ക്യാമറക്കുവേണ്ടി പണം ചെലവാക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിലില്ല. ബസിന്റെ ടെസ്റ്റ് വരുന്നതിന് മുന്‍പായി ക്യാമറകള്‍ വെയ്ക്കാം. ഒരുമിച്ച് ഇത്രയധികം ബസുകളില്‍ സിസിടിവി സ്ഥാപിക്കുമ്പോള്‍ നിലവാരമുള്ള ക്യാമറകള്‍ ലഭ്യമാകില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഫെബ്രുവരി 28 നുശേഷം കര്‍ശന പരിശോധന തുടര്‍ന്നാല്‍ മാര്‍ച്ച് 1 മുതല്‍ ബസുകള്‍ നിര്‍ത്തിയിടുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്കി.