വയനാട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോ വാങ്ങിയവര്‍ വെട്ടിലായി. നീം ജി എന്ന പേരിലാണ് ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയത്. ഉല്‍പ്പാദനം നിര്‍ത്തിയതും സര്‍വ്വീസ് സ്റ്റേഷനുകള്‍ ഇല്ലാത്തതും കാരണം മിക്ക വാഹനങ്ങളും കട്ടപ്പുറത്താണ്. സംസ്ഥാന സര്‍ക്കാര്‍ വലിയ പരസ്യം നല്‍കിയാണ് ഇലക്ട്രിക് ഓട്ടോകളുടെ വില്പന ആരംഭിച്ചത്. വിറ്റുപോയ ഓട്ടോകള്‍ക്കെല്ലാം വയനാട്ടിലടക്കം സര്‍വ്വീസ് കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വില്പന കുറഞ്ഞതോടെ സര്‍വ്വീസ് കേന്ദ്രങ്ങള്‍ തുടങ്ങിയില്ല. ആദ്യം വാഹനങ്ങള്‍ വാങ്ങിയവര്‍ പരാതിയുമായി രംഗത്തു വന്നതോടെ ഉല്പാദനം നിലക്കുകയായിരുന്നു.
എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ടയര്‍ ഊരി മാറ്റാന്‍ പോലും പറ്റില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. മാസങ്ങളായി ഓട്ടോകള്‍ കട്ടപ്പുറത്തായതോടെ ഇത് വാങ്ങിയവര്‍ പലരും വരുമാനമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായി.
എന്നാല്‍ ഇതിന്റെ വിതരണക്കാര്‍ സ്വകാര്യ കമ്പനികളായിരുന്നു. ഇവര്‍ വില കൂട്ടിയും പല വിലയ്ക്കുമാണ് വാഹനങ്ങള്‍ വിറ്റതെന്ന ആരോപണവുമുണ്ട്. സ്പെയര്‍ പാര്‍ട്സും സര്‍വ്വീസും ആണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക അതല്ലെങ്കില്‍ ഇലക്ട്രിക് ഓട്ടോകള്‍ കമ്പനി തിരിച്ചെടുക്കണം എന്നാണ് ഇവരുടെ ആവശ്യം. പ്രശ്നത്തിന് പരിഹാരമായില്ലങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ നടത്താനാണ് വയനാട്ടിലെ ഇലക്ട്രിക് ഓട്ടോ ഉടമകളുടെ തീരുമാനം.