ഇന്ത്യയിലെ കാര്‍ ഉത്പാദനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഇതിനായി കയറ്റുമതി വര്‍ധിപ്പിക്കുക, യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുന്നത് ഉള്‍പ്പടെയുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുകൂടാതെ സംരക്ഷണ നടപടിയെന്ന രീതിയില്‍ കാറുകളുടെ ഇറക്കുമതി തീരുവ ഉയര്‍ത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിദേശ നിര്‍മ്മാതാക്കള്‍ അവരുടെ അനുബന്ധ സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുന്ന റോയല്‍റ്റി പേയ്മെന്റിന്റെ അളവ് കുറയ്ക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
സികെഡി, എസ്കെഡി തീരുവ വര്‍ധനവ് ആഡംബരപ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി, സ്കോഡ, ഫോക്സ്വാഗണ്, ഹോണ്ട, ടൊയോട്ട എന്നിവയുടെ വ്യാപാരത്തെ മോശമായി ബാധിച്ചേക്കാം. ഇത് വാഹനങ്ങളുടെ വില ഉയരുന്നതിനും ഡിമാന്‍ഡ് കുറയുന്നതിനും ഇടയാക്കും. ഈ സാഹചര്യം പുതിയ നിക്ഷേപങ്ങളെ ബാധിച്ചേക്കുമെന്നും കമ്പനികള്‍ പറയുന്നു.
പുതിയ വാഹനങ്ങള്‍ക്കായി പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഓട്ടോ സ്ക്രാപ്പേജ് പോളിസിയുടെ നിര്‍ദേശത്തിന്റെ പ്രഖ്യാപനം ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. റോയല്‍റ്റി കുറയ്ക്കുന്നതോടെ കമ്പനികളുടെ പണമൊഴുക്കും വാഹനവിലയും കുറയ്ക്കാനും ആഭ്യന്തര വില്‍പ്പന വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.