മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ പൈനാപ്പിള്‍ കൃഷിക്കാരന്റെ ദാരുണമായ ആത്മഹത്യ ദുരിതമനുഭവിക്കുന്ന കൃഷിക്കാരുടെ പ്രതീകമാണെന്നും, സര്‍ക്കാരുകളുടെ കണ്ണുതുറക്കണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ വില തകര്‍ച്ചയില്‍ 50 ലക്ഷം രൂപയുടെ കടബാധ്യതയാണ് മരിച്ച അനിലിനുണ്ടായത്. പൈനാപ്പിളിന് ന്യായവില ഉറപ്പു വരുത്താനോ, കൃഷിക്കാരുടെ കടങ്ങള്‍ എഴുതിതള്ളുവാനോ സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ല. ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ല. പൈനാപ്പിള്‍ കര്‍ഷകരുടെ ഭാഗത്തു നിന്നും നിരന്തരമായി ഇക്കാര്യത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.
കേന്ദ്ര ഗവണ്മെന്റ് കോവിഡ് പാക്കേജില്‍പെടുത്തി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും, ഒന്നു പോലും പ്രാവര്‍ത്തികമായിട്ടില്ല. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പാക്കജുകള്ക്കൊപ്പം , അടിയന്തിര പ്രാധാന്യത്തോടെ കടങ്ങള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നല്കി. അടിയന്തിരമായ സര്‍ക്കാര്‍ നടപടി ഉണ്ടായില്ലെങ്കില്‍ കേരളത്തില്‍ ഇനിയും ആത്മഹത്യകള്‍ ആവര്‍ത്തിക്കപ്പെടുമെന്നും ആത്മഹത്യ ചെയ്ത അനിലിന്റെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലിയും അടിയന്തിര ധനസഹായവും അനുവദിക്കണമെന്നും എം.പി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യമുന്നയിച്ചു.