കേരളത്തില്‍ പച്ചക്കറി വിലയ്ക്ക് തീപിടിച്ചിരിക്കുകയാണ്. ഒരു കിലോ തക്കാളിക്ക് 110 രൂപ വരെ എത്തിയിരിക്കുന്നു. ഇന്ധന വിലയിലുണ്ടായ വര്‍ദ്ധനവും തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍ മഴ തകര്‍ത്തതുമാണ് പച്ചക്കറി വില അസാധാരണമായി ഉയരാന്‍ കാരണം. പതിവു പോലെ ശബരിമല സീസണ് കൂടി കടന്നു വന്നതോടെ വില പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്കു മാറുകയായിരുന്നു.
80 രൂപയായിരുന്ന ഒരു കിലോ തക്കാളിയുടെ വില 110ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കാരറ്റും വിലയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കാരറ്റിന് 92 രൂപ നല്‍കണം. രണ്ടാഴ്ച മുമ്പുവരെ 60 രൂപയായിരുന്ന കാരറ്റാണ് ഇപ്പോള്‍ നൂറിനോട് അടുത്തെത്തി നില്‍ക്കുന്നത്.
ഒരാഴ്ച മുമ്പുവരെ 60 രൂപയ്ക്ക് കിട്ടിയിരുന്ന ബീന്‍സിന് ഇന്ന് 88 രൂപയാണ് വില. വെണ്ടയ്ക്കയ്ക്ക് നല്‍കണം 59 രൂപ. വെള്ളരി 67, മുരിങ്ങാക്കായ് 121, കത്തിരി 80, ബീറ്റ്റൂട്ട് 70, പയര്‍ 109, ക്വാളി ഫ്ളവര്‍ 95 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വില നിലവാരം.
പൊതു വിപണിയില്‍ പച്ചക്കറിക്ക് വില കൂടിയതനുസരിച്ച് ഹോര്‍ട്ടികോര്‍പ്പിലും ആനുപാതികമായി വില കൂടിയിട്ടുണ്ട്. ഡീസല്‍ വില വര്‍ദ്ധനവാണ് വിലക്കയറ്റത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. ഇന്ധന വില വര്‍ദ്ധനവു മൂലം ലോറി വാടക വര്‍ദ്ധിച്ചതോടെ ഒരു ചാക്ക് സാധനത്തിന് 100 മുതല്‍ 160 രൂപ വരെ അധികം നല്‍കണമെന്നാണ് കച്ചവടക്കാര്‍ വ്യക്തമാക്കുന്നത്.
അതേസമയം വെണ്ടയ്ക്കക്കും സവാളയ്ക്കും വില കുറഞ്ഞു. 80 രൂപ ഉണ്ടായിരുന്ന വെണ്ടയ്ക്ക 58ന് ഇപ്പോള്‍ ലഭിക്കും. 65 രൂപയായിരുന്നു സവാള 50 രൂപയ്ക്കും ലഭിക്കും. അതുപോലെ തന്നെ ഇറച്ചിക്കോഴിക്കും വില കുറഞ്ഞിട്ടുണ്ട്. ശബരിമല സീസണായതോടെ ഇറച്ചിക്കോഴിക്ക് ചെലവ് കുറഞ്ഞതാണ് വിലയകുറയാനുള്ള കാരണം. നേരത്തെ 115 രൂപവരെയണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് 85 രൂപ മുതല്‍ 95 വരെയാണ് വില.