കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ വാഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും റിസര്‍വ് ബാങ്ക് അധികൃതര്‍ക്കും വിവിധ ബാങ്കുകള്ക്കുമുള്പ്പെടെ പത്തിലേറെപ്പേര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ പരിഗണിച്ച് ഒരു മാസത്തിനുള്ളില്‍ ആവശ്യമായ ഉത്തരവുകള്‍ പാസ്സാക്കണമെന്ന് കേസിലെ അഞ്ച് എതിര്‍കക്ഷികളായ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, റിസര്‍വ് ബാങ്ക്, പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് എന്നിവരോട് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഓള് കേരളാ പൈനാപ്പ്ള്‍ ഫാര്‍മേഴ്സ് അസോസിയേഷനും അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ജയിംസ് ജോര്‍ജും നല്കിയ പരാതിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്. പരാതി പരിഗണിക്കുന്ന വേളയില്‍ ഓഗസ്റ്റ് അവസാനവാരത്തില്‍ ഹൈക്കോടതി നല്കിയ ഇടക്കാല ഉത്തരവിന്റെ തുടര്‍ച്ചയായാണ് ഉത്തരവ്.
പൈനാപ്പ്ള്‍ മേഖലയ്ക്ക് സമഗ്രമായ റിലീഫ് പാക്കേജ് പ്രഖ്യാപിക്കുക. 2018 വരെ മുടക്കം വരാതെ വായ്പകള്‍ അടച്ചു തീര്‍ത്തിട്ടുള്ള കര്‍ഷകരുടെ വായ്പകള്‍ എഴുതിതള്ളുുക, ഈ മേഖലയുടെ സ്ഥിതി മെച്ചപ്പെടുന്നതു വരെ കൃഷി തുടര്‍ന്നുകൊണ്ട് പോകാന്‍ പലിശരഹിത വായ്പകള്‍ അനുവദിക്കുക, പൈനാപ്പ്ളിന് 25 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കുക, പൈനാപ്പളില്‍ നിന്ന് ജാം, സ്ക്വാഷ് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഉടനടി പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഫാര്‍മേഴ്സ് അസോസിയേഷന് ഉന്നയിച്ചിരുന്നത്.
കോവിഡിനെത്തുടര്‍ന്ന് കേരളത്തിലെ പൈനാപ്പ്ള്‍ മേഖല മൊത്തം ഏതാണ്ട് 450 കോടി രൂപയുടെ കടക്കെണിയിലാണെന്ന് പൈനാപ്പ്ള്‍ ഫാര്‍മേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജയിംസ് ജോര്‍ജ് പറഞ്ഞു. പാട്ടത്തിനെടുത്ത ഭൂമിയിലാണ് വാഴക്കുളം മേഖലയിലെ ഭൂരിപക്ഷം കൃഷിക്കാരും പൈനാപ്പള്‍ കൃഷി നടത്തുന്നത്. ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ എന്നിവയില്‍ നിന്നുള്ള വായ്പകളെ ആശ്രയിച്ചാണ് പാട്ടത്തുകയും കൃഷിയ്ക്കാവശ്യമായ പ്രവര്‍ത്തന മൂലധനവും തോട്ടക്കൃഷി മേഖലയിലെ ഉയര്‍ന്ന തൊഴില്‍ച്ചെലവും ഇവര്‍ കണ്ടെത്തുന്നത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയങ്ങളെത്തുടര്ന്നുണ്ടായ കൃഷിനാശം, വിളവെടുക്കാന്‍ കഴിയാതിരുന്നത്, ഡിമാന്‍ഡ് ഇടിവ് എന്നിവ മൂലമുണ്ടായ വിലത്തകര്‍ച്ചയുടെ ക്ഷീണം 2020ലെ റമദാന് മാസത്തിലാരംഭിച്ച സീസണോടെ ഒരു പരിധി വരെ പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകരെന്ന് ജയിംസ് ജോര്‍ജ് പറഞ്ഞു. എന്നാല്‍ മാര്‍ച്ച് മാസത്തിലെ കോവിഡ് ലോക്ഡൗണോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. കിലോവിന് 23-24 രൂപ ഉല്പ്പാദച്ചെലവുള്ള പൈനാപ്പ്ള്വില 2.5-5 രൂപ നിലവാരത്തിലേയ്ക്ക കൂപ്പുകുത്തി. ആഭ്യന്തര വിപണിയിലെ ഡിമാന്‍ഡ് തകര്‍ച്ചയും ഉത്തേരന്ത്യന്‍ വിപണിയിലേയ്ക്ക് പൈനാപ്പിള്‍ കയറ്റിപ്പോകാന്‍ സാധിക്കാതെ വന്നതും ചേര്‍ന്ന് പ്രതിസന്ധി ഗുരുതരമാക്കി.
നിലിവില്‍ 18,000-ഓളം ഹെക്ടറിലാണ് സംസ്ഥാനത്ത് പൈനാപ്പിള്‍ കൃഷി നടക്കുന്നത്. 5000-ത്തിനുമേല്‍ കര്‍ഷകര്‍ ഈ രംഗത്തുണ്ട്. പ്രതിവര്‍ഷം 5.4 ലക്ഷം ടണ്‍ പൈനാപ്പ്ളാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ 8-10 വര്‍ഷമായി വര്‍ഷം തോറും ശരാശരി 1250 കോടി രൂപ മതിയ്ക്കുന്ന പൈനാപ്പ്ളാണ് ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു ഹെക്ടറിന് ഏതാണ്ട് 6.25 ലക്ഷം രൂപ ഉല്പ്പാദനച്ചെലവു വരും.