സംസ്ഥാനത്തെ ക്ഷീര- കോഴി കര്‍ഷകരുടെ ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവു വരുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്കി. നിലവില്‍ 50 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് പഞ്ചായത്ത് ലൈസന്‍സ് വേണമായിരുന്നു. ഇതു 1000 കോഴികളായി ഉയര്‍ത്തുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതുവരെ അഞ്ചില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകര്‍ക്കും പഞ്ചായത്ത് ലൈസന്‍സ് നിര്‍ബന്ധമായിരുന്നു. ഇനി മുതല്‍ 20 പശുക്കളില്‍ കൂടുതലുണ്ടെങ്കില്‍ മാത്രം ലൈസന്‍സ് എടുത്താല്‍ മതിയാവും. ഇതിനായി പഞ്ചായത്ത് മുന്‍സിപ്പല്‍ ചട്ടം ഭേദഗതി ചെയ്യാനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.
ദേശീയതലത്തില്‍ വലിയ വിവാദം സൃഷ്ടിച്ച കര്‍ഷക ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകബില്ലിനെ ചോദ്യം ചെയ്ത് കോടതിയില്‍ പോകുന്ന ആദ്യസംസ്ഥാനമായി ഇതോടെ കേരളം മാറുകയാണ്. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമമെന്നും. ഗുരുതരമായ ഭരണഘടനാ വിഷയമാണിതെന്നും മന്ത്രിസഭായോഗം വിലയിരുത്തി.