തിരുവനന്തപുരം: വന നിയമങ്ങള്‍ അട്ടിമറിച്ച് സര്‍ക്കാര്‍ തീരുമാനം. പ്ലാന്റേഷന് മേഖലയെ പരിസ്ഥിതി ലോല നിയമത്തില്‍ നിന്ന് ഒഴിവാക്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. തോട്ടം മേഖലയിലെ കാര്‍ഷിക ആദായ നികുതി മരവിപ്പിച്ചു. പ്ലാന്റേഷന് ടാക്സ് പൂര്‍ണ്ണമായും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി സഭയില്‍ പ്രസ്താവന നടത്തിയത്. കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്റ് മാനേജ്മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിയതായാണ് മുഖ്യമന്ത്രി അറിയിച്ചത്.
തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചിരുന്ന റിട്ട. ജസ്റ്റീസ് കൃഷ്ണന് നായര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. തോട്ടം മേഖലയിലെ പ്രശ്നങ.ങള് പരിഹരിക്കുന്നതിനു ഉതകുന്ന സമഗ്രമായ ഒരു പദ്ധതിക്കു സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, നിലവിലെ വന നിയമങ്ങള്‍ അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനമെന്ന് പരക്കേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വന ഭൂമിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ തീരുമാനം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
തോട്ടങ്ങള്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതോടെ മരംമുറിയ്ക്കല്‍ വ്യാപകമാകുമെന്നും വിമര്‍ശനമുണ്ട്.
സര്‍ക്കാരിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് മുന്‍ സ്പെഷ്യല്‍ പ്ലീഡര്‍ അഡ്വ.സുശീല ഭട്ട് പ്രതികരിച്ചു.