പ്രതിപക്ഷത്തിന്റെയും ഘടകക്ഷിയായ ശിരോമണി അകാലി ദളിന്റെയും എതിര്‍പ്പുകള്‍ മറികടന്ന് സര്‍ക്കാര്‍ അവതരിപ്പിച്ച വിവാദ കാര്‍ഷിക ബില്ലുകള്‍ക്ക് ലോക്സഭയുടെ അംഗീകാരം. വ്യാഴാഴ്ച രാത്രി 9.45 വരെ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ബില്‍ പാസാക്കിയത്. കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്‍ഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദളും ബില്ലിനെ എതിര്‍ത്തു. അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു.
കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറു (ശാക്തീകരണവും സംരക്ഷണവും)മായി ബന്ധപ്പെട്ട ബില്‍ എന്നിവയാണ് പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളിക്കളഞ്ഞു.
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമുയര്‍ത്തി. ആകാശവും ഭൂമിയും കോര്‍പറേറ്റുകള്‍ക്ക് പതിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് ബില്ലുകള്‍ കൊണ്ടുവന്നതെന്ന് ഇടത് എംപിമാര്‍ ആരോപിച്ചു. കോണ്‍ഗ്രസും ഡിഎംകെയും വാക്ക് ഔട്ട് നടത്തി. ഭരണപക്ഷത്തെ ശിരോമണി അകാലിദളും കടുത്ത എതിര്‍പ്പ് ഉന്നയിച്ചു. ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് അകാലിദള്‍ കേന്ദ്രമന്ത്രിസഭ വിട്ടത്. ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. കര്‍ഷകരുടെ മകളായും സഹോദരിയായും ഒപ്പം നില്ക്കാന് കഴിയുന്നതില്‍ അഭിമാനമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ ശിരോമണി അകാലിദള്‍ തുടരും.
കര്‍ഷകരുടെ ജീവിതത്തില്‍ വന്വിപ്ലവത്തിനിടയാക്കുന്ന വ്യവസ്ഥകളാണ് ബില്ലുകളുടെ ഉള്ളടക്കമെന്ന് ചര്‍ച്ചകള്‍ക്ക് നല്കിയ മറുപടിയില്‍ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില സംവിധാനം തുടരുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സുകള്‍ക്കെതിരേ പഞ്ചാബിലെയും ഹരിയാണയിലെയും കര്‍ഷകര്‍ കടുത്ത പ്രതിഷേധമുയര്ത്തുന്നതിനിടയിലാണ് വ്യാഴാഴ്ച ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്.