മൂവാറ്റുപുഴ : മുപ്പതാണ്ടുകൾക്ക് ശേഷം തൃക്കളത്തൂർ പാടശേഖരത്ത് വിളഞ്ഞതെല്ലാം പൊൻകതിർ.
വർഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്ന 6 ഹെക്ടറോളം വരുന്ന പ്രദേശത്താണ് കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച ജയരാജ് റ്റി.എ യുടെ ഇച്ഛാ ശക്തിയുടെ ഭാഗമായി നെൽകൃഷി ഇറക്കിയതും വിജയിച്ചതും.
നെൽകൃഷിയുടെ ഭാഗമായി നടന്ന കൊയ്ത് ഉത്സവം കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
തൃക്കളത്തൂർ പ്രദേശത്ത് നെൽകൃഷി ചെയ്യുന്നത് മൂലം ഒട്ടേറെ പ്രദേശത്ത് കുടിവെള്ളക്ഷാമം ഇല്ലാതാകുകയും പുതുതലമുറയ്ക്ക് കൃഷിയെ കുറിച്ച് അറിയാനും കൃഷിയിലേക്ക് കടന്ന് വരാനും ഉള്ള അവസരമാണ് കാർഷിക മേഖലയിൽ വിവിധ പുരസ്കാരങൾ നേടിയിട്ടുള്ള ജയരാജിൻ്റെ പ്രവർത്തനം മൂലം സാധിച്ചിരിക്കുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി തൃക്കളത്തൂർ തിരുനിലം പാടത്ത് നടത്തിയ കൃഷിയുടെ അനുഭവങ്ങള് ഉൾക്കൊണ്ടാണ് പുതിയ പാടത്തും കൃഷിയിറക്കിയത്.
മുട്ടിന് മുകളിൽ ആഴമുള്ള
കണ്ടങ്ങളാണ് തൃക്കളത്തൂർ
പാടശേഖരത്തിലുള്ളത്
ക്നാക്കുളത്തിന്റെ ഭാഗത്തുള്ള കണ്ടങ്ങളിലൊക്കെ ഏറെക്കുറെ
അരയ്ക്ക് ഒപ്പം താഴും. പി വി ഐ പി കനാലിൽ നിന്ന് ധാരാളം വെള്ളം ലഭ്യമായ പാടമാണ്. എന്നാൽ വെള്ളം ഇരുത്തിക്കളയണ്ട
സമയത്ത് അതിന് കഴിയാത്ത
സ്ഥിതിയാണ് ഉള്ളത്. ഈ പ്രശ്നത്തിന് പരിഹാരം എന്ന നിലയിൽ നടുത്തോടിന്റെ ആഴം കൂട്ടൽ അടക്കം ചില കാര്യങ്ങൾ ചെയ്തുവെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. അതിനാൽ ജയരാജ് കൃഷി ചെയ്യുന്ന തലയ്ക്കലെ കുറെ കണ്ടങ്ങൾ ഒഴികെ ബാക്കി ഭാഗം ഇപ്പോഴും കൃഷി ചെയ്യാതെ കിടക്കുകയാണ്.
ട്രാക്ടർ, ട്രില്ലർ, കൊയ്ത്ത്മെതി യന്ത്രം തുടങ്ങിയവയ്ക്ക് ഒന്നും ഇവിടെക്ക് എത്താനാകുന്നില്ല. ഭാരം കുറഞ്ഞ യന്ത്രങ്ങൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാൻ കഴിയണം. കൃഷി വകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, സഹകരണ സംഘങ്ങളും എല്ലാം ചേർന്ന് കൂട്ടായി പരിശ്രമിച്ചാൽ ലക്ഷ്യത്തിലെത്താനാവും.
കഴിഞ്ഞ വർഷം 10 ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്തത്. ഇത്തവണ അത് 16 ഏക്കർ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു. വിവിധ കർഷകരുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുത്താണ് ജയരാജ് കൃഷി നടത്തുന്നത്. ഇപ്പോൾ കൃഷി ചെയ്തതിൽ ഏറിയ പങ്കും ആലയ്ക്കൽ കുടുംബാഗങ്ങളുടേതാണ്. പായിപ്ര കൃഷി ഭവന്റെ വലിയ പിൻതുണയും സഹായവും കൃഷി ചെയ്ത സമയത്ത് ലഭ്യമായിരുന്നു എന്ന് ജയരാജ് പറഞ്ഞു.
കൊയ്ത് ഉത്സവത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷാൻ്റി എബ്രഹാം, മുൻ എം എൽ എ ബാബു പോൾ, എ പി വർക്കി മിഷൻ ഹോസ്പിറ്റൽ ചെയർമാൻ പി ആർ മുരളീധരൻ , മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം സി വിനയൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ് ഖാൻ, പഞ്ചായത്തംഗങ്ങളായ സുകന്യ അനീഷ് , എം എ നൗഷാദ്, തൃക്കളത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എം.എൻ. അരവിന്ദാക്ഷൻ, ആർ.സുകുമാരൻ, ബാബു ബേബി, എൽദോസ് പനംകുറ്റി, കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എൻ. ജയപ്രകാശ്, വില്ലേജ് സെക്രട്ടറി എ.അജാസ്, KSKTU വില്ലേജ് സെക്രട്ടറി ഇ.എ. ഹരിദാസ് , കൃഷി ഓഫീസർ ഷംസുധീൻ, കൃഷി അസിസ്റ്റന്റ് റംല, കാർഷിക അവാർഡ് ജേതാവ് കെ.കെ.മോഹനൻ, അനീഷ് ഗോപാൽ, അനോജ് സി.ജി തുടങ്ങിയവർ പങ്കെടുത്തു.