ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിൻ്റെ കർഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ വീണ്ടും കർഷക സമരം സീജീവമാകുന്നു. അരലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടന്നേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോർട്ട്. തുടർന്ന് ഡല്‍ഹി പൊലീസ് അതിര്‍ത്തിയില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.
ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളിലെ മുഴുവന്‍ പാതകളിലും ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാൽ നിലവില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. സിംഘു, ടിക്രി, ഗാസിയാബാദ് എന്നീ അതിര്‍ത്തികളിലെ സമരം തുടരുകയാണ്. മറ്റു സമരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
ഹരിയാനയിലെ പാനി ടോള്‍ പ്ലാസയില്‍നിന്നും സിംഘുവിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരുടെ ബാനറുകളില്‍ ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, ഹരിയാനയില്‍ ബി.ജെ.പി, ജെ.ജെ.പി എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയരുന്നുണ്ട്.
കര്‍ഷക സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ബുധനാഴ്ച സന്ദര്‍ശിച്ചിരുന്നു. അതിനിടെ, കര്‍ഷകരുമായ ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുമാസമായി ഒത്തുതീര്‍പ്പ് ചര്‍ച്ച മുടങ്ങിയിരിക്കേ, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് സന്നദ്ധത അറിയിച്ചത്.