ഓരോ വീടുകളിലും കൃഷി ആരംഭിക്കുന്ന ശീലം പൊതുസമൂഹം സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. കേരളത്തില്‍ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ കാമ്പയിന്റെ ജില്ലാതല പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ 200 ഹെക്ടര്‍ സ്ഥലത്ത് കൃഷി ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷന് വാഹിനി, ബ്രേക്ക് ത്രൂ തുടങ്ങിയ പദ്ധതികള്‍ വഴി കൃഷിക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജില്ലയിലെ എല്ലാ തരിശുഭൂമികളിലും കൃഷി ആരംഭിക്കണം. കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. ജനകീയ ഇടപെടലുകള്‍ വഴി 500 ഹെക്ടര്‍ സ്ഥലത്ത് വരെ കൃഷി വ്യാപിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തൃക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയര്മാന് എ.എ ഇബ്രാഹിംകുട്ടി ‘ഞങ്ങളും കൃഷിയിലേക്ക്’ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന കലാജാഥയുടെ ഫ്ലാഗ് ഓഫ് ജില്ലാ ഡെവലപ്പ്മെന്റ് കമ്മിഷണര്‍ എ.ഷിബു നിര്‍വഹിച്ചു. കേരളത്തില്‍ ഒരുകാലത്തുണ്ടായിരുന്ന ഭക്ഷ്യ സ്വയംപര്യാപ്തത വീണ്ടും കരസ്ഥമാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ക്കായി വെജിറ്റബിള്‍ കാര്‍വിങ്, ഫ്ലവര്‍ അറേഞ്ച്മെ?ന്റ്, സലാഡ് മേക്കിങ്, പോസ്റ്ററിന് അടിക്കുറിപ്പ് തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം സിനിമാ താരം അഞ്ജലി നായര്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റാണിക്കുട്ടി ജോര്‍ജ്, തൃക്കാക്കര മുമിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്മിത സണ്ണി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനീറ ഫിറോസ്, മനക്കക്കടവ് കൊച്ചിന് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി രഞ്ജിത്ത്, കര്‍ഷക പ്രതിനിധി കെ.ബി വേണുഗോപാലന്‍ നായര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷീല പോള്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.അനിത കുമാരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.