മൂവാറ്റുപുഴ: ഒരു നാടിന്റെ കാര്‍ഷിക സ്വപ്നങ്ങളുടെ ചിതയെരിഞ്ഞു കിടക്കുന്ന സ്ഥാപനമായി വാഴക്കുളം അഗ്രോ ആന്‍ഡ് ഫുഡ് പ്രോസസിങ് കമ്പനി. ഒരുകാലത്ത് നാട്ടിലെ പൈനാപ്പിള്‍ കര്‍ഷകരുടെ ആശയും ആശ്രയ കേന്ദ്രവുമായിരുന്ന സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുള്ള ഈ കമ്പനി ഇന്ന് രാഷ്ട്രീയ വത്കരണത്തിലൂടെ തകര്‍ന്ന അവസ്ഥയിലാണ്. കര്‍ഷകരുടെ പ്രതീക്ഷകളെയും ആഗ്രഹത്തെയും ചൂഷണം ചെയ്ത് അധികാരത്തിലേറിയ എല്‍ദോ ഏബ്രഹാം കമ്പനിയുടെ പഴയ രൂപമായ നടുക്കര അഗ്രോ ആന്‍ഡ് ഫുഡ് പ്രോസസിങ് കമ്പനിയെ തകര്‍ത്തതെന്ന് സിപിഐ നേതാവും കമ്പനിയുടെ മുന്‍ ചെയര്‍മാനുമായ അഡ്വക്കേറ്റ് പോള്‍ മാത്യു ആരോപിച്ചു. കമ്പനിയെ രാഷ്ട്രീയ വത്കരണത്തിലൂടെ തകര്‍ക്കാനാണ് എ്ല്ദോ ശ്രമിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പൈനാപ്പിള്‍ കര്‍ഷകരുടെ ഉത്പന്നം പ്രോസസ് ചെയ്ത് ജൈവ് എന്ന പേരിലുള്ള പാനീയം പുറത്തിറക്കുന്ന ജോലിയാണ് പ്രധാനമായും ഇവിടെ നടന്നിരുന്നത്. വാഴക്കുളം മേഖലയിലെ പൈനാപ്പിള്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനും അവരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിനും വേണ്ടി 1998-99 കാലഘട്ടത്തില്‍ കെ. കരുണാകരന് മന്ത്രിസഭയാണ് പൈനാപ്പിള്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനായി ഈ കമ്പനിക്ക് അനുമതി നല്‍കിയത്. സര്‍ക്കാരും യൂറോപ്യന്‍ യുണിയന്റെയും സംയുക്ത സംരംഭമാണ് 16 ഏക്കര്‍ സ്ഥലത്ത് തുടങ്ങിയ കെഎച്ച്ഡിപി എന്ന സ്ഥാപനം. ഇതുപിന്നീട് ഇടതു സര്‍ക്കാര്‍ ഓര്‍ഡര്‍ പ്രകാരം നടുക്കര അഗ്രോ ആന്‍ഡ് ഫുഡ് പ്രോസസിങ് കമ്പനിയെന്ന പേരിലേക്കു മാറി. 70 ശതമാനം കര്‍ഷകരും 30 ശതമാനം സര്‍ക്കാരും എന്ന രീതിയിലായിരുന്നു കമ്പനിയുടെ ഘടന.
2011 കാലഘട്ടത്തില്‍ വിഎസ് സര്‍ക്കാരിന്റെ മന്ത്രിസഭ മാറുന്ന സമയത്ത് നിലവിലുണ്ടായിരുന്ന സിപിഐയുടെ ബോര്‍ഡ് സുപ്രധാന തീരുമാനമുണ്ടായി. യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ സ്വാഭാവികമായും ചെയര്മാന് സ്ഥാനത്തേക്ക് യുഡിഎഫുകാരന്‍ വരും. ഇതിനെ മറികടക്കാന്‍ പാര്‍ട്ടിയുടെ 1202 കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തി അവര്‍ക്ക് 2500 രൂപ വീതമുള്ള ഷെയര്‍ നല്കി സര്‍ക്കാര്‍ വോട്ടിനെ മറികടന്ന് കമ്പനി പിടിച്ചടക്കാന്‍ ശ്രമിച്ചു. എന്നാല്‍, അന്നത്തെ എംഎല്‍എ ആയിരുന്ന ജോസഫ് വാഴയ്ക്കന് ഇടപെട്ട് ഈ സ്ഥാപനം 2012ല്‍ വീണ്ടും സര്‍ക്കാരിന്റെ നിയന്ത്രണത്തിലെത്തിച്ചു. 100 കോടിയുടെ മൂല്യമിട്ടാണ് സര്‍ക്കാര്‍ കമ്പനി ഏറ്റെടുത്തത്.
കര്‍ഷകരുടെ ഈ സ്ഥാപനമാണ് പിന്നീട് വാഴക്കുളം അഗ്രോ ആന്‍ഡ് ഫുഡ് പ്രോസസിങ് കമ്പനിയായി മാറിയത്. ഇതില്‍ 51 ശതമാനം സര്‍ക്കാര്‍ ഓഹരിയും 19 ശതമാനം സര്‍ക്കാരിന്റെ തന്നെ വെജിറ്റബിള്‍ ആന്‍ഡ് ഫുഡ് പ്രോമോഷന് കൗണ്‍സില്‍ കേരളയുടെ ഓഹരികളും 30 ശതമാനം കര്‍ഷക പങ്കാല്വുമുള്ള കമ്പനിയായി വാഴക്കുളം അഗ്രോ ആന്‍ഡ് ഫുഡ് പ്രോസസിങ് കമ്പനി ഉടലെടുത്തു. ഇതിനെതിര പഴയ ബോര്‍ഡ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍, കമ്പനിയെ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിയെ തത്വത്തില്‍ അംഗീകരിക്കുന്ന വിധിയാണ് കോടതിയില്‍ നിന്നു വന്നത്.
70 ടണ്‍ പൈനാപ്പിള്‍ സംഭരിച്ച് പ്രോസസ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്ന കമ്പനിയായിരുന്നു. 100 കോടി രൂപയുടെ മൂല്യമുള്ള കമ്പനി 33 ലക്ഷം രൂപയ്ക്ക് പാര്‍ട്ടിയുടെ അധിനതയിലാക്കാന് ശ്രമിച്ച നടപടിയെയാണ് ജോസഫ് വാഴയ്ക്കന്റെ ഇടപെടലിലൂടെ തകര്‍ന്നത്. കേസുള്ളതിനാല്‍ ബാങ്കിലുണ്ടായിരുന്ന മൂന്നു കോടി രൂപ എടുക്കാന്‍ സാധിക്കാത്ത അവസ്ഥായാണുണ്ടായിരുന്നത്. ഇതിനു ചരടു വലിച്ചത് സ്ഥലം എംഎല്‍എയായിരുന്നു.
ഇതോടെ കമ്പനിയുടെ പ്രവര്‍ത്തനം താളം തെറ്റി. എന്നിട്ടും 2012 മുതല്‍ 2016 വരെ ഒരു രൂപ പോലും ശമ്പളക്കുടിശികയില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ യുഡിഎഫിനായി. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന് സ്ഥാപനം വീണ്ടും കര്‍ഷകര്‍ക്കെന്ന വ്യാജേന പാര്‍ട്ടിക്കാര്‍ക്ക് നല്‍കാനാണ് ശ്രമിച്ചത്. എന്നാല്‍, എതിര്‍പ്പിനെത്തുടര്‍ന്ന് അതു നടന്നില്ല. ഈ വൈരാഗ്യം തീര്‍ത്തത് പാവപ്പെട്ട കര്‍ഷകരോടും ജീവനക്കാരോടുമായി. അവര്‍ക്ക് ശമ്പളമില്ല, ദിവസേനയുള്ള പ്രോസസിങ് നടക്കാതെയായി.
2018 മുതല്‍ നാളിത് വരെ നാമമാത്രമായ പ്രവര്‍ത്തനം ആണ് കമ്പനിയില്‍ നടന്നിട്ടുള്ളത്. 2011 മുതല്‍ നാളിത് വരെ 2 വര്‍ഷ ത്തിലേറെയായി തൊഴിലാളികള്‍ക്ക് ശമ്പളമില്ല. ഈ കാലയളവില്‍ 10 കോടിയോളം രൂപ ഗവണ്മെന്റ് വിവിധ സ്കീമില്‍പ്പെടുത്തി കമ്പനിക്ക് ധനസഹായം നല്കുകയുണ്ടായി. മാത്രമല്ല, കേരള ഹൈകോടതിയുടെ ഉത്തരവിന്റെ ബലത്തില്‍ കര്‍ഷക കമ്പനിയായ നടൂക്കര് കമ്പനിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന കര്‍ഷകരായ ഓഹരി ഉടമകള്‍ക്ക് കൂടി അവകാശപ്പെട്ട നാല് കോടിയോളം രൂപ പിന്‍വലിക്കുകയും ചെയ്തു.
ദിവസേന 70 ടണ്‍ പൈനാപ്പിള്‍ പ്രോസസ് ചെയ്യാന്‍ സാധിക്കുമായിരുന്ന കമ്പനിയില്‍ അഞ്ചു വര്‍ഷം കൊണ്ട് 70 ടണ്‍ പ്രോസസിങ് നടത്താനായില്ല. 2021 ഫെബ്രുവരിയില്‍ ഇവിടുത്തെ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി ഇവിടെ പ്രവര്‍ത്തനം ഊര്ജിതമാണെന്നു വരുത്താന്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നു.
പിന്നീട് നാളിതുവരെ ഇവിടെ പൈനാപ്പിള്‍ സംഭരിക്കുകയോ ഉത്പാദനം നടത്തുകയോ ചെയ്തിട്ടില്ല. ഇക്കാലമത്രയും പാവപ്പെട്ട കര്‍ഷകര്‍ ദുരിതത്തില്‍ തന്നെ. അവര്‍ വന്‍ പ്രക്ഷോഭം നടത്തി. എന്നാലും ഫലമുണ്ടായില്ല. ഭരണസമിതി വച്ച എംഡിക്ക് 50 ലക്ഷം രൂപയോളം ശമ്പളവും മറ്റുമായി നല്കുമ്പോള് കര്ഷകന് 50 രൂപപോലും കമ്പനി നല്‍കിയില്ല. ഈ ദുരിതത്തിന് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു.