പെരുവന്താനം: ചലച്ചിത്ര പ്രവർത്തകനായ എബിൻ എബ്രഹാം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പെരുവന്താനം പഞ്ചായത്തിൻ്റെ സ്ഥലം പാട്ടത്തിനെടുത്ത് ആരംഭിച്ച പപ്പായ കൃഷി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ.ടി. ബിനു പപ്പായച്ചെടി നട്ട് ഉൽഘാടനം ചെയ്തു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കാർഷിക മേഖലയിലേക്ക് കടക്കുന്നതിൻ്റെ സൂചനയാണ് എബിനെപ്പോലെയുള്ളവർ ഈ മേഖലയിലേക്ക് കടന്നു വരുന്നതെന്നും പുതുമയാർന്ന പപ്പായ കൃഷി വളരെയേറെ സാധ്യതകളുളളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെരുവന്താനം പഞ്ചായത്തിൻ്റെ അധീനതയിൽ പതിറ്റാണ്ടുകളായി തരിശു കിടന്നിരുന്ന ഭൂമിയാണ് കൃഷിക്കായി പാട്ടത്തിന് നൽകിയത്. ചലച്ചിത്ര മേഖല സ്തംഭിച്ചതോടെ പത്രപ്രവർത്തകൻ കൂടിയായ എബിൻ കൃഷിയിലേക്ക് തിരിയുകയായിരുന്നു. തായ്വാനിൽ നിന്ന് ഇറക്കുമതി ചെയ്ത റെഡ്ലേഡി എഫ് 1 786 എന്നയിനം സ്വന്തമായി നഴ്സറി സജ്ജീകരിച്ച് രണ്ടു മാസത്തിലേറെ വളർത്തിയതിന് ശേഷമാണ് മണ്ണിൽ നട്ടത്. അത്യുൽപാദനശേഷിയുള്ള ഈയിനത്തിൻ്റെ പ്രത്യേകത കീടനാശിനികളുടെ സഹായമില്ലാതെ ഒരു മാസത്തിലേറെ കേടുകൂടാതെ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഇരിക്കുമെന്നതാണ്. ചരക്ക് നീക്കത്തിനിടയിൽ ചതഞ്ഞ് പോവുമെന്ന പേടിയും വേണ്ട. കൃഷി ആരംഭിച്ച് ആറാം മാസം തന്നെ വിളവെടുക്കാവുന്ന ഈയിനം ഉഷ്ണമേഖലാ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പപ്പായ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്ന വസ്തുത നിലനിൽക്കുമ്പോഴും കേരളത്തിൽ പപ്പായ കൃഷി പ്രചാരത്തിലായി വരുന്നതേയുള്ളു. മാലാഖമാരുടെ പഴമെന്ന് കൊളംബസ് വിശേഷിപ്പിച്ച പപ്പായ ലോകത്തിലെ തന്നെ രണ്ടാമത്തെ ആൻ്റി ഓക്സിഡൻ്റ് ഭക്ഷണമാണ്. പെരുവന്താനത്ത് നടന്ന ചടങ്ങിൽ സി.ഡി.എസ് ചെയർമാൻ രജനി പ്രമോദ് ,കൃഷി വകുപ്പുദ്യോഗസ്ഥൻമാരായ വർഗീസ്, സജി എന്നിവർ സന്നിഹിതരായിരുന്നു.