തൃശൂര്‍: കുതിരാൻ പാലത്തിനു സമീപം കാറും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്.ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം.ബംഗുളൂരുവില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെ തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ മിഷൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പുരുഷനാണ് മരിച്ചത്.
രണ്ടു സ്ത്രീകളും നാല് പുരുഷന്മാരും അടക്കം കാറില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ജോണ്‍ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇന്നോവ വാഹനം ഓടിച്ചിരുന്ന ആള് ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.