തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. കിണര്‍ നിര്‍മ്മാണം രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്. വലിയ കാഠിന്യമേറിയ പാറക്കെട്ടുകള്‍ കിണര്‍ നിര്‍മ്മാണത്തിന് തടസമായതിനെത്തുടര്‍ന്നാണ് ശ്രമം നേരത്തെ നിര്‍ത്തി വെച്ചത്. താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണെന്നതാണ് പ്രതിസന്ധിയുടെ കാരണം.
വേഗത്തില്‍ കിണര്‍ തുരക്കുന്നതിനായി രാമനാഥപുരത്ത് നിന്ന് എത്തിച്ച പുതിയ റിഗ് യന്ത്രം ഉപയോഗിച്ചാണ് പ്രവർത്തനം നടന്നത്. അതിനിടെ കിണര്‍ കുഴിക്കുന്നതിനുള്ള യന്ത്രത്തിന് തകരാര്‍ സംഭവിച്ചു. ഇത് പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കുട്ടി വീണ കിണറില്‍ നിന്നും രണ്ടു മീറ്റര്‍ മാറിയാണ് പുതിയ കിണര്‍ കുഴിക്കുന്നത്. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന മറ്റൊരു സ്ഥലം പരിശോധിക്കും. അതുവരെ 2 മീറ്റർ അകലെയുള്ള കിണർ നിർമ്മാണം തുടരാനാണ് തീരുമാനം. 5 മണിക്കൂർ കൊണ്ട് ഇതുവരെ കുഴിച്ചത് 10 അടിയാണ്. ഇന്ന് തന്നെ കുട്ടിയെ പുറത്തെത്തിക്കാൻ എല്ലാ സാധ്യതയും പരിഗണിക്കുന്നുണ്ട്
പാറകള്‍ കണ്ടതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു.സമാന്തരമായി തുരങ്കം നിര്‍മ്മിച്ച് ഇതിലൂടെ കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5 മണിവരെ കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം കാര്യമായ പ്രതികരണമുണ്ടായിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നേരത്തെ ഹൈഡ്രോളിക് സംവിധാനം വഴി കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം നടന്നിരുന്നു എന്നാല്‍ ഇത് വിജയിച്ചില്ല.