മുവാറ്റുപുഴ: ഗതാഗത കുരുക്ക് മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്കില്‍ നിന്ന് റോഡില്‍ വീണ യുവാവിന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം. കാലാമ്പൂര് പുതുശ്ശേരില്‍ റസാഖിന്റെയും പുളിന്താനം ഗവ.യു.പി സ്കൂള്‍ പ്രധാന അധ്യാപിക നസീമയുടേയും മകന് അഫ്സല് (അച്ചു 23 ) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 ഓടെ എം.സി. റോഡില്‍ വാഴപിളളിയിലായിരുന്നു അപകടം.
മുവാറ്റുപുഴ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു യുവാവ്. വെളളൂര്‍കുന്നം മുതല്‍ കനത്ത ഗതാഗത കുരുക്കായിരുന്നു ഈ സമയം. വാഴപ്പിളളി ജവാന് ഓട്ടോസിന് മുന്നിലെത്തിയതോടെ യുവാവ് കുരുക്കിനെ മറികടക്കാനുളള ശ്രമത്തിനിടെ ബൈക്കില്‍ നിന്ന് റോഡില്‍ വീണു. തത്ക്ഷണം എതിരെ വന്ന ലോറി തലയിലൂടെ കയറി ഇറങ്ങി. ധരിച്ചിരുന്ന ഹെല്‍മറ്റ് ചതഞ്ഞരഞ്ഞ് തലയില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത സ്ഥിതിയിലായി. അപകത്തിന്റെ ഭീകരത മൂലം ആദ്യമൊന്നും യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല. രക്തത്തില്‍ കുളിച്ച് അല്പനേരം റോഡില്‍ കിടന്ന യുവാവിനെ പിന്നീട് രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രാ മധ്യേ അഫ്സല് മരിച്ചു.
കബറടക്കം നാളെ രാവിലെ 11ന് കാലാമ്പൂര് സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും. സ്വകാര്യ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഏക സഹോദരന് താഹിര്‍. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.എസ്.എം.സാദിഖിന്റെ സഹോദര പുത്രനാണ് മരിച്ച യുവാവ്.