കോട്ടയം വൈക്കത്ത് ആംബുലന്‍സ് മറിഞ്ഞു ഒരാള്‍ മരിച്ചു. കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. തലയോലപറമ്പ് പൊതി മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി തലയോലപറമ്പ് വടയാര്‍ കോരിക്കല്‍ സ്വദേശിനി സനജ(35)യാണ് മരിച്ചത്.
ആംബുലന്‍സിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തു ചിറ ജെസി (50), വൈക്കം ടിവി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്ത് എന്നിവര്‍ക്ക് പരുക്കേറ്റു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചു വീണ സനജയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ചു.
ഗുരുതരമായി പരുക്കേറ്റ സനജയെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വൈക്കം വലിയ കവലയ്ക്കു സമീപം വൈപ്പിന്‍ പടിയിലായിരുന്നു അപകടം.
അതേസമയം ഇന്നലെ ദേശീയ പാതയില്‍ ആലപ്പുഴ എരമല്ലൂരില്‍ കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ആംബുലന്‍സിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടന്നത്.
ഷീലയുടെ മകന് ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു. എല്ലാവര്ക്കും പരുക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. പുലര്‍ച്ചെയാണ് അപകടം നടന്നത്.