ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കെ.എസ്.ആര്.ടി.സി ബസും പിക്അപ് വാനും കൂട്ടിയിടിച്ച് ആലപ്പുഴ സ്വദേശികളായ നാലു പേര് മരിച്ചു. വൈദ്യര്‍മുക്ക് സ്വദേശികളായ പള്ളിപുരയിടത്തില്‍ കെ. ബാബു, പുതുവല്‍ പുരയിടത്തില്‍ ബാബു ഇബ്രാഹിം, സജീവ് ഇബ്രാഹിം, ആസാദ് എന്നിവരാണ് മരിച്ചത്. ആറു പേര്‍ക്ക് പരിക്ക്. ബാബു ഇബ്രാഹിമും സജീവ് ഇബ്രാഹിമും സഹോദരങ്ങളാണ്.മരിച്ചവര്‍ പിക്അപ് വാനിലെ യാത്രക്കാരാണ്.
രാവിലെ ആറര മണിയോടെ ചെങ്ങന്നൂര്‍ മുളക്കഴയിലെ കാണിക്കമണ്ഡപം ജംങ്ഷനിലാണ് സംഭവം. കെ.എസ്.ആര്.ടി.സി ബസ് യാത്രക്കാരായ ഗീതാ ജോസഫ്, ജോസഫ്, മാണി, ഏലിയാമ്മ, കോയ, ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ബസും ചെങ്ങന്നൂരിലേക്ക് വരുകയായിരുന്ന വാനും ആണ് അപകടത്തില്‍പ്പെട്ടത്. മൂന്നു പേര് സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിക്കുമാണ് മരണപ്പെട്ടത്. മൂന്നു മൃതദേഹങ്ങള്‍ ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രിയിലും ഒരെണ്ണം താലൂക്ക് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു മരിച്ച നാലു പേരും ഖലാസി തൊഴിലാളികളാണ്.