തിരുവനന്തപുരം കല്ലമ്പലത്ത് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. മരിച്ചത് കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികള്‍. ഇന്നലെ രാത്രിയായിരുന്നു ദാരുണ സംഭവം.
രാത്രി 10.30ന് കല്ലമ്പലം തോട്ടക്കാട് വച്ചായിരുന്നു അപകടം. കൊല്ലം ഭാഗത്ത് നിന്നു വന്ന കാറും തിരുവനന്തപുരത്തു നിന്നു വന്ന മീന്‍ ലോറിയും കൂട്ടിയിടിച്ചാണ് വന്‍ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചു. നാട്ടുകാരും പൊലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ട് പേര് സംഭവസ്ഥലത്തും മൂന്നു പേര് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. നാല് പേരെ തിരിച്ചറിഞ്ഞു. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്.
കാറിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ട് പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലും രണ്ട് പേരുടേത് ആറ്റിങ്ങല്‍ വലിയകുന്നു താലൂക്ക് ആശുപത്രിയിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലുമാണുള്ളത്.