കോട്ടയം: പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരിയില്‍ സജി (46)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന തോണി മറിഞ്ഞത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരനേയും തിരുവല്ല യൂണിറ്റിലെ ക്യാമറമാന് അഭിലാഷ് നായരേയും തിങ്കളാഴ്ച തന്നെ രക്ഷപ്പെടുത്തിയിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്സും നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച വള്ളം ശക്തമായ ഒഴുക്കില്‍ പെട്ട് നിയന്ത്രണം വിട്ട് മറിഞ്ഞത്.