ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണം 222 ആയി. ഈ മാസം 25 വരെ ഇന്തോനേഷ്യയില്‍ ജാഗ്രതാ മുന്നറിയിപ്പ് തുടരും. 800 ലധികം പേര്‍ക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നറിയിപ്പ് നല്‍കാത്തതാണ് നാശനഷ്ടങ്ങള്‍ ഇത്രയും കൂടാന്‍ കാരണം. ഭൂമികുലക്കം ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സുനാമിയെ കുറിച്ചുള്ള സൂചനകളൊന്നും കിട്ടിയില്ലെന്നാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ വിശദീകരണം.
ശനിയാഴ്ച ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ മരണ സംഖ്യ ഉയരുകയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. 28 പേരെ കാണാതായെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ക്രാര്‍ക്കത്തോവ അഗ്നിപര്‍വതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമുദ്രാന്തര്‍ഭാഗത്തുണ്ടായ മാറ്റങ്ങള്‍ സുനാമിക്ക് വഴിവച്ചെന്നാണ് ഇപ്പോഴത്തെ നിഗമനം. ബാന്റെണ് പ്രവിശ്യയിലെ തീരമേഖലകളെയാണ് സുനാമി ഏറ്റവും ബാധിച്ചത്. മൂന്ന് മീറ്റര്‍ വരെ ഉയരത്തിലെത്തിയ തിരമാലകള്‍ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസമസ് ആഘോഷങ്ങള്‍ക്കുള്‍പ്പെടെ ബീച്ചുകളില്‍ ഒത്തുകൂടിയവരാണ് സുനാമിയെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.
കടല്‍തീരത്തെ റിസോര്‍ട്ടില്‍ സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ഗായക സംഘത്തെ അപ്പാടെ കടലെടുത്തു. വന്‍തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ 25 വരെ തീരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രക്കതോവ അഗ്നിപര്‍വ്വതം കാരണം 1984 ലും ഇന്തോനേഷ്യയില്‍ സുനാമി ഉണ്ടായിരുന്നു. അന്ന് 30000 അധികം ആളുകളാണ് മരിച്ചത്.