പത്തനംതിട്ട: പറന്തലില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി. ബസ് അഞ്ച് ഓട്ടോറിക്ഷകള്‍ ഇടിച്ചു തകര്‍ത്തു. സംഭവത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ട പറന്തല്‍ ജങ്ഷനിലായിരുന്നു അപകടം. ഈരാറ്റുപേട്ടയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ പതിനൊന്നേകാലോടെ ആയിരുന്നു അപകടം.
ബസിന് ഒരാള്‍ കൈകാണിക്കുകയും ഡ്രൈവര്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വരികയുമായിരുന്നെന്ന് ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. ഇതിന് പിന്നാലെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ക്കു നേരേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ത്തിയിട്ടിരുന്ന ഓട്ടോകളില്‍ ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നു. ആദ്യത്തെ ഓട്ടോയില്‍ ബസ് ഇടിച്ചതിന് പിന്നാലെ മറ്റുള്ളവര്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. കൃഷ്ണകുമാര്‍, അശോകന്, സജിമോന്‍ എന്നീ ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇവരെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അഞ്ച് ഓട്ടോകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് അന്വേഷണം നടത്തും.